വീട് മനോഹരമാക്കുന്നതിൽ ഇൻഡോർ പ്ലാന്‍റുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വീടിന്‍റെ അകത്തളങ്ങൾക്ക് പച്ചപ്പ് നൽകാനും പോസിറ്റീവ് അന്തരീക്ഷം നിലനിർത്താനും ഇൻഡോർ പ്ലാന്‍റുകൾ സഹായിക്കും. മാത്രമല്ല വിഷാംശങ്ങൾ ഇല്ലാതാക്കാനും വായു ശുദ്ധികരിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. മാനിസിക ഉന്മേഷം നൽകുന്നതിനും സ്ട്രെസ് കുറയ്ക്കാനും വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ഗുണം ചെയ്യും. അത്തരത്തിൽ വീടിനുള്ളിൽ വളർത്താൻ അനുയോജ്യമായ ചില ചെടികളെ പരിചയപ്പെടാം.
മോൺസ്റ്റെറ
വീടിന്‍റെ അകത്തളങ്ങൾ സുന്ദരമാക്കാൻ പറ്റിയ ഒരു ചെടിയാണ് മോൺസ്റ്റെറ. മെക്‌സിക്കോയിൽ നിന്നെത്തിയ ഈ ചെടി സ്വിസ് ചീസ് എന്നും അഴിയപ്പെടാറുണ്ട്. മോൺസ്‌റ്റെറ വേരിഗേറ്റ, മോൺസ്‌റ്റെറ അഡൻസോണി, മോൺസ്‌റ്റെറ പിന്നാറ്റിപാർതിത, മോൺസ്‌റ്റെറ ഡൂബിയ തുടങ്ങിയ വിവിധയിനം മോൺസ്റ്റെറയുണ്ട്. ഇലകളുടെ ഘടനയാണ് ഈ ചെടിയെ മനോഹരമാക്കുന്നത്.
സ്നേക്ക് പ്ലാന്‍റ്
വീട് സ്റ്റൈലിഷായി നിലനിർത്താൻ സഹായിക്കുന്ന ഒരു അടിപൊളി ഇൻഡോർ പ്ലാന്‍റാണ് സ്നേക്ക് പ്ലാന്‍റ്. ശുദ്ധവായു ലഭിക്കാനായി വീടിനകത്ത് വളർത്താവുന്ന മികച്ചൊരു ചെടിയാണിത്. രാത്രിയും പകലും വായു ശുദ്ധീകരിക്കാൻ സ്നേക്ക് പ്ലാന്‍റ് സഹായിക്കും. കുറഞ്ഞ വെള്ളത്തിൽ വളരാൻ സാധിക്കുന്ന ഈ ചെടിയ്ക്ക് വളരെ കുറച്ച് പരിപാലനമേ ആവശ്യമുള്ളൂ.
പീസ് ലില്ലി
വെള്ള നിറത്തിൽ നീണ്ട പൂക്കളുള്ള പീസ് ലില്ലി ആരെയും ആകർഷിക്കുന്ന ചെടിയാണ്. വീട് സുന്ദരമായി നിലനിർത്താൻ അകത്തളങ്ങളിൽ വളർത്താവുന്ന മികച്ചൊരു പ്ലാന്‍റാനാണിത്. ശാന്തമായ അന്തരീക്ഷം സൃഷ്‌ടിക്കാനും ശുദ്ധവായു ലഭിക്കാനും പീസ് ലില്ലി നിങ്ങളെ സഹായിക്കും. മാത്രമല്ല വീടിനുള്ളിൽ കൃത്യമായ അളവിൽ ഹ്യുമിഡിറ്റി നിലനിർത്താനും ഇവ ഗുണം ചെയ്യും.