ശൈത്യകാലം ആരംഭിച്ചു കഴിഞ്ഞു. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ ചർമ്മത്തെ വളരെ കരുതലോടെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ചർമ്മം വരണ്ടു പോകുന്നത് തടയേണ്ടതും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതും വളരെ പ്രധാനമാണ്. തണുപ്പ് കാലത്ത് വായുവിലെ ഈർപ്പം വളരെ കുറവായിരിക്കും. ഇത് ചർമ്മത്തെ വരണ്ടതാക്കാൻ കാരണമാകും. കൂടാതെ ചൊറിച്ചിൽ, തൊലിയുരിയൽ എന്നിങ്ങനെയുള്ള അവസ്ഥയ്ക്കും ഇടയാക്കും. അതിനാൽ ചർമ്മത്തിന് കൂടുതൽ പരിചരണം ആവശ്യമായ സമയമാണിപ്പോൾ. ചർമ്മ സംരക്ഷണത്തിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ചൂടുവെള്ളത്തിൽ കുളിയ്ക്കുമ്പോൾ ശ്രദ്ധിക്കുക
ശൈത്യകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തെ ദോഷമായി ബാധിക്കും. അതിനാൽ കുളിക്കാൻ എപ്പോഴും ഇളം ചൂടുവെള്ളം മാത്രം ഉപയോഗിക്കുക. കൂടാതെ റൂമുകളിൽ ഹീറ്റർ ഉപയോഗിക്കുമ്പോൾ ഒരു പാത്രത്തിൽ വെള്ളം സൂക്ഷിക്കാൻ മറക്കരുത്. ഇത് വായുവിൽ ഈർപ്പം നിലനിർത്താനും ചർമ്മ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
മോയ്‌സ്‌ചറൈസർ ഉപയോഗിക്കാം
വരണ്ട ചർമ്മം സംരക്ഷിക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് മോയ്‌സ്‌ചറൈസർ. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും സഹായിക്കും. അതിനാൽ കുളി കഴിഞ്ഞതിന് ശേഷവും ഉറങ്ങുന്നതിനു മുമ്പായും മുഖത്തും ശരീരത്തിലും മോയ്‌സ്‌ചുറൈസർ പുരട്ടുക. മോയ്‌സ്‌ചുറൈസറായി പ്രകൃതിദത്ത എണ്ണകളും ഉപയോഗിക്കാം.
സ്‌ക്രബർ ഒഴിവാക്കുക
ശൈത്യകാലത്ത് സ്‌ക്രബർ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മുഖത്തെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കാനും ചർമ്മം വരണ്ടതാകാനും ഇത് കാരണമാകും. അതിനാൽ വീര്യം കുറഞ്ഞ ഫേസ് വാഷ്, സോപ്പ്, ബോഡി ഷാംപൂ എന്നിവ ഉപയോഗിക്കുക.