കൈവിരലുകൾ ഭംഗിയുള്ളതാക്കാൻ നഖം നീട്ടി വളർത്തുന്നവരാണ് മിക്ക സ്ത്രീകളും. എന്നാൽ ഈ ശീലം ആരോഗത്തിന് എത്ര ദോഷകരമാണെന്ന് നിങ്ങൾക്ക് അറിയാമോ? നഖങ്ങൾ ശരിയായി പരിപാലിച്ചില്ലെങ്കിൽ ശരീരത്തിന് ഭീഷണിയാകുന്ന നിരവധി ബാക്‌ടീരിയകളും ഫംഗസുകളും അടിഞ്ഞു കൂടാൻ കാരണമാകും. ഇത് ആഹാരം കഴിക്കുമ്പോൾ ശരീരത്തിനുള്ളിൽ എത്തുകയും പല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കൈകൾ എത്ര കഴുകി വൃത്തിയാക്കിയാലും ചില അണുക്കൾ നഖങ്ങൾക്കിടയിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും. ഇത്തരം അണുക്കൾ കണ്ണുകൊണ്ട് കാണാൻ സാധിക്കുന്നവയല്ല.
നഖങ്ങൾക്കിടയിൽ 32 വ്യത്യസ്‌തത തരം ബാക്‌ടീരിയകളും 28 തരം ഫംഗസുകളും കാണപ്പെടുന്നതായി 2021 ൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. അമേരിക്കൻ പോഡിയാട്രിക് മെഡിക്കൽ അസോസിയേഷൻ്റെ ജേണലിലായിരുന്നു പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിനായി നഖത്തിനുള്ളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ 50 ശതമാനത്തിലും ബാക്‌ടീരിയ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ഗവേഷകർ പറഞ്ഞു. കാൽ നഖത്തിലെ അണുക്കളെ കുറിച്ചായിരുന്നു പഠനം നടത്തിയതെങ്കിലും ഇതിന്‍റെ ഫലങ്ങൾ കൈവിരലുകൾക്കും ബാധകമാണെന്ന് ഗവേഷകർ ചൂണ്ടികാട്ടുന്നു.
നഖത്തിൽ ഒളിഞ്ഞിരിക്കുന്ന ബാക്‌ടീരിയകൾ എങ്ങനെ അകറ്റാം?
നഖത്തിലെ ബാക്‌ടീരിയകളും ഫംഗസുകളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. നഖത്തിന്‍റെ അടിവശം അണുക്കൾക്ക് സുരക്ഷിതമായി ഇരിക്കാൻ പറ്റിയ ഇടമാണ്. അതിനാൽ നഖങ്ങൾ വൃത്തിയായി സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.