ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിന് പോഷക സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും വീക്കം കുറയ്ക്കാനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും. പ്രായമാകൽ പ്രക്രിയ മന്ദഗതിയിലാക്കാനും ചർമ്മത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യവശ്യമാണ്. പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
സരസഫലങ്ങൾ
സരസഫലങ്ങളിൽ ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റിവ് നാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന്‍റെ ഇലാസ്‌തികത മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോകൾ. അതിനാൽ പതിവായി അവോക്കാഡോ കഴിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ലിപിഡോളജിയിലെ ഒരു പഠനത്തിൽ പറയുന്നു. ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചർമ്മത്തിൽ ജലാംശം നിലനിർത്താനും നേർത്ത വരകൾ കുറയ്ക്കാനും സൂര്യരശ്‌മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കും. ചർമ്മത്തിൻ്റെ ഇലാസ്‌തികത മെച്ചപ്പെടുത്തി പ്രായമാകൽ ലക്ഷണങ്ങൾ കുറയ്ക്കാൻ അവോക്കാഡോ ഉപകരിക്കും.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ വാർധക്യ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചുളിവുകൾ തടയാനും അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഗ്രീൻ ടീയുടെ ഉപയോഗം ഗുണം ചെയ്യും. ഓക്‌സിഡേറ്റീവ് കേടുപാടുകൾ കുറയ്ക്കുകയും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വാർദ്ധക്യ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും ഗ്രീൻ ടീ സഹായിക്കും.
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ
കൊഴുപ്പുള്ള മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ചർമ്മത്തിൻ്റെ ഇലാസ്‌തികത മെച്ചപ്പെടുത്താനും ചുളിവുകൾ, നേർത്ത വരകൾ, വീക്കം എന്നിവ കുറയ്ക്കാനും ഇത് ഫലപ്രദമാണ്. സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ സഹായിക്കും. തക്കാളി
തക്കാളിയിലെ ആൻ്റി ഓക്‌സിഡൻ്റുകൾ അൾട്രാവയലറ്റ് കിരണങ്ങൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ദി ബ്രിട്ടീഷ് ജേർണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഓക്‌സിഡേറ്റീവ് നാശം ചെറുക്കുന്നതിലൂടെ പ്രായമായാൽ പ്രക്രിയ മന്ദഗതിയിലാക്കാനും ഇത് സഹായിക്കും. ചർമ്മത്തിലെ പാടുകൾ, ചുളിവുകൾ എന്നിവ കുറയ്ക്കാനും തക്കാളി ബെസ്റ്റാണ്.
മഞ്ഞൾ
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിനിൽ ശക്തമായ ആൻ്റി ഓക്‌സിഡൻ്റും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനുള്ള കഴിവ് ഇതിനുണ്ടെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും കുർകുമിൻ സഹായിക്കും.
മാതളനാരങ്ങ
മാതളനാരങ്ങയിലെ പോളിഫെനോൾ പ്രായമാകൽ പ്രക്രിയക്ക് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഡിഎൻഎ തകരാറുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. ചർമ്മത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ശക്തമായ ആന്‍റി-ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങളും മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.
Also Read : പാടുകൾ അകറ്റി മുഖം സുന്ദരമാകാൻ കറ്റാർവാഴ ഈ രീതിയിൽ ഉപയോഗിക്കൂ...