രാവിലെ പ്രാതലിനായി ഉണ്ടാക്കുന്ന ചപ്പാത്തി ബാക്കി വന്നാൽ വൈകുന്നേരം ചൂടാക്കി കഴിക്കുന്നവർ നിരവധിയാണ്. എന്നാൽ രണ്ടു നേരവും ചപ്പാത്തി കഴിച്ച് മടുത്തെങ്കിൽ നിങ്ങൾക്കായി ഇതാ ഒരു കിടിലൻ സ്‌നാക്‌സ് റെസിപ്പി. ബാക്കി വന്ന ചപ്പാത്തി കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കൊതിയൂറും പലഹാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചപ്പാത്തി - 3 എണ്ണം (ചെറിയ കഷ്‌ണങ്ങളാക്കിയത്)
- ശര്‍ക്കര - 2 ആണി
- തേങ്ങ - 1 കപ്പ്
- നെയ്യ് - 1 ടേബിള്‍ സ്‌പൂണ്‍
- ഏലക്ക - 5 എണ്ണം
- ജീരകം - അര ടീസ്‌പൂണ്‍
- ചുക്ക് - ചെറിയ കഷ്‌ണം
തയ്യാറാക്കുന്ന വിധം
ആദ്യം ശർക്കരപാനി തയ്യാറാക്കാം. അതിനായി ഒരു പത്രം അടുപ്പിൽ വച്ച് ശർക്കരയിട്ട് അരകപ്പ് വെള്ളം ഒഴിച്ച് അലിയിച്ചെടുക്കാം. ഇത് അരിച്ചെടുത്ത് മാറ്റി വയ്ക്കാം. ശേഷം അടി കട്ടിയുള്ള ഒരു പത്രം അടുപ്പിൽ വച്ച് ചൂടായാൽ നെയ്യൊഴിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ചപ്പാത്തി ചേർക്കുക. ഇത് നല്ലപോലെ വഴറ്റിയെടുക്കാം. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കരപാനി മറ്റൊരു പാനിലേക്ക് ഒഴിച്ച് തേങ്ങാ ചേർത്ത് വിളയിച്ചെടുക്കാം. നെയ്യിൽ വഴറ്റിയ ചപ്പാത്തി കൂടി ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം പൊടിച്ച് വച്ചിരിക്കുന്ന ഏലക്ക, ജീരകം, ചുക്ക് എന്നിവ ചേർക്കാം. വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി വയ്ക്കാം. ചപ്പാത്തി കൊണ്ടുള്ള നാടൻ കൊതിയൂറും പലഹാരം തയ്യാർ.
Also Read : ബാക്കി വന്ന ചോറ് കളയല്ലേ... 10 മിനിറ്റിൽ തയ്യാറാക്കാം ഒരു അടിപൊളി പലഹാരം