ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഗുരുതരമായേക്കാവുന്നതുമായ രോഗമാണ് പ്രമേഹം. ഒരിക്കൽ വന്നാൽ ജീവിതകാലം മുഴുൻ ചുമക്കേണ്ടി വരും എന്നതാണ് പ്രമേഹത്തിന്‍റെ പ്രത്യേകത. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമാണ് പ്രമേഹത്തെ ചെറുക്കാനുള്ള ഏക പോംവഴി.
പ്രമേഹ ബാധിതർ ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്. അതിനാൽ പഴങ്ങളിലേക്കും പച്ചക്കറികളിലേക്കും മാത്രമായി അവരുടെ ഭക്ഷണക്രമം ചുരുങ്ങാറുണ്ട്. എന്നാൽ എല്ലാ പഴങ്ങളും പ്രമേഹത്തിന് നല്ലതല്ലെന്ന് നിങ്ങൾക്ക് അറിയാമോ ?. ചില പഴങ്ങൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നവയാണ്. അതിനാൽ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന 10 പഴങ്ങൾ എതൊക്കെയെന്ന് നോക്കാം
ധാരാളം നാരുകൾ അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറഞ്ഞതുമായ പഴങ്ങളാണ് പ്രമേഹ രോഗികൾ തെരഞ്ഞെടുക്കേണ്ടത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കാരണമാകും. കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങൾ ഏതൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
ആപ്പിൾ
ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് ആപ്പിൾ. ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള രോഗികളും ആപ്പിൾ കഴിക്കുന്നത് നല്ലതാണെന്ന് വിദഗ്‌ധർ പറയുന്നു.
ഓറഞ്ച്
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. അവശ്യ പോഷകങ്ങൾ ധാരാളമുള്ള ഓറഞ്ചിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഓറഞ്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിന് പുറമെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഗുണം ചെയ്യും.
ബ്ലൂബെറി, ബ്ലാക്ക്ബെറി, സ്ട്രോബെറി
ആൻ്റി ഓക്‌സിഡൻ്റ്, ഫൈബർ, വിറ്റാമിനുകൾ എന്നിവയുടെ നല്ലൊരു ഉറവിടമാണ് സ്ട്രോബെറിയും ബ്ലൂബെറിയും ബ്ലാക്ക്ബെറിയും. ഇവയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയായതിനാൽ പ്രമേഹ രോഗികൾ ഇത് കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ബ്ലാക്ക്ബെറി പ്രമേഹ രോഗികൾക്ക് കൂടുതൽ ഗുണം നൽകും.