ഹനോയ് (വിയറ്റ്‌നാം) :വിയറ്റ്‌നാമില്‍ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റില്‍ മരണം 200 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 125-ല്‍ അധികം പേരെ കാണാതായതായി വിയറ്റ്നാമീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 197 പേർ മരിച്ചതായും 128 പേരെ കാണാതായതായും 800-ല്‍ അധികം പേർക്ക് പരിക്കേറ്റതായും വിയറ്റ്നാമിലെ VNExpress പത്രം റിപ്പോർട്ട് ചെയ്യുന്നു.
തലസ്ഥാനമായ ഹനോയിയിലെ റെഡ് റിവര്‍ ചെറുതായി താഴ്‌ന്നിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഹനോയിയിലെ തായ് ഹോ ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം ചെളി നിറഞ്ഞ നിലയിലാണ്. കനത്ത വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങളും നശിച്ചു.