കേരളം

kerala

ETV Bharat / international

'സ്‌ത്രീ ഒരു പുഷ്‌പം, അവള്‍ വീട്ടുവേലക്കാരിയല്ല', ലോകത്തെ അമ്പരപ്പിച്ച് ഖമനേയിയുടെ പ്രസ്‌താവന, സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച - KHAMENEI ON WOMENS RIGHT

ഹിജാബ് നിയന്ത്രണം മൂലം സ്‌ത്രീകള്‍ ഇറാൻ ഭരണകൂടത്തിനെതിരെ പോരാടുന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് ഖമേനിയുടെ പ്രസ്‌താവന എന്നതും ശ്രദ്ധേയമാണ്

WOMENS RIGHTS IN IRAN  AYATOLLAH ALI KHAMENEI  KHAMENEI ON WOMENS RIGHT  LATEST INTERNATIONAL NEWS
Ayatollah Ali Khamenei (AP)

By ETV Bharat Kerala Team

Published : Dec 19, 2024, 1:44 PM IST

ടെഹ്‌റാൻ: സ്‌ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി നടത്തിയ പുതിയ പ്രസ്‌താവന വലിയ ചര്‍ച്ചയാകുന്നു. 'സ്ത്രീ ഒരു അതിലോലമായ പുഷ്‌പമാണ്, അവള്‍ വീട്ടുവേലക്കാരിയല്ല,' എന്ന ഖമനേയിയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റാണ് പുതിയ ചര്‍ച്ചയ്‌ക്ക് വഴിവച്ചത്.

ഹിജാബ് നിയന്ത്രണം മൂലം സ്‌ത്രീകള്‍ ഇറാൻ ഭരണകൂടത്തിനെതിരെ പോരാടുന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവന എന്നതും ശ്രദ്ധേയമാണ്. മതത്തിന്‍റെ പേരില്‍ ഇറാനിലെ സ്‌ത്രീകളെ ഭരണകൂടം അടിച്ചമര്‍ത്തുന്നുവെന്ന തരത്തില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

2022-ൽ 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഖമനേയിയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നിരവധി സ്‌ത്രീകള്‍ തെരുവിലിറങ്ങിയിരുന്നു. ഹിജാബ് നിയമങ്ങൾ ലംഘിച്ചു കൊണ്ടായിരുന്നു സ്‌ത്രീകളുടെ പ്രതിഷേധം.

Protest Against Iran Regime (AP)

2022ൽ സദാചാര പൊലീസിന്‍റെ ആക്രമണത്തിലാണ് മഹ്സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടത്. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പൊലീസിന്‍റെ മർദ്ദനത്തിലാണ് മഹ്സ അമിനി കൊല്ലപ്പെടുന്നത്. തലയ്ക്കേറ്റ അടിയാണ് അമിനിയുടെ മരണത്തിൽ കലാശിച്ചത്. ഇതിനുപിന്നാലെ "വുമൻ, ലൈഫ്, ഫ്രീഡം" എന്ന മുദ്രാവാക്യം രാജ്യത്ത് മുഴങ്ങിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സ്‌ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഖമയേനി പ്രസ്‌താവന നടത്തുന്നത് വിരോധാഭാസമാണെന്നും പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. 'സ്ത്രീ ഒരു അതിലോലമായ പുഷ്‌പമാണ്, വീട്ടുജോലിക്കാരിയല്ല. സ്ത്രീയെ വീട്ടിൽ ഒരു പുഷ്‌പം പോലെയാണ് പരിഗണിക്കേണ്ടത്. ഒരു പുഷ്‌പത്തെ നല്ല രീതിയില്‍ പരിപാലിക്കേണ്ടതുണ്ട്. അതിന്‍റെ പുതുമയും സുഗന്ധവും പ്രയോജനപ്പെടുത്തണം, വായുവില്‍ പരിമളം പരത്താൻ ഉപയോഗിക്കുകയും വേണം,' എന്ന് ഖമയേനി എക്‌സില്‍ കുറിച്ചു.

സ്ത്രീകളുടെ അന്തസും സ്വാതന്ത്ര്യവും വാഴ്‌ത്തപ്പെടുന്ന തരത്തിലാണ് ഖമയേനിയുടെ പ്രസ്‌താവനയെങ്കിലും വാസ്‌തവത്തിൽ, ഇറാനിലെ സ്ത്രീകൾ അടിച്ചമർത്തലുകളും നിയന്ത്രണങ്ങളും നേരിടുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും വ്യത്യസ്ഥമായ ഉത്തരവാദിത്വം ഉള്ളതെന്നും ഖമയേനി മറ്റൊരു പോസ്‌റ്റില്‍ കുറിച്ചു.

Protest Against Iran Regime (AP)

'കുടുംബത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്‌ത റോളുകള്‍ ഉണ്ട്. ഉദാഹരണത്തിന്, കുടുംബത്തിന്‍റെ ചെലവുകൾ ഏറ്റെടുക്കേണ്ടത് പുരുഷനാണ്, അതേസമയം കുട്ടികളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീക്കാണ്. എന്നാല്‍ ഉത്തരവാദിത്വത്തില്‍ ആരും ആധിപത്യം സ്ഥാപിക്കേണ്ടതില്ല. എല്ലാവര്‍ക്കും വ്യത്യസ്‌തമായ അവകാശങ്ങളും സ്വാതന്ത്ര്യവും ഉണ്ട്,' എന്ന് അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു.

1979-ൽ യുഎൻ ജനറൽ അസംബ്ലി സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ (CEDAW) അംഗീകരിച്ച ദിവസമാണ് ഖമയേനി ഈ പരാമർശം നടത്തിയത്. സ്‌ത്രീ അവകാശങ്ങളെ കുറിച്ച് ഖമേനി സംസാരിച്ചെങ്കിലും സ്വന്തം രാജ്യത്തെ സ്‌ത്രീകള്‍ സ്വാതന്ത്യത്തിനായി പോരാടുന്നുവെന്നതാണ് യാഥാര്‍ഥ്യമെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും കുറിച്ചു.

ഹിജാബ് നിയമത്തിന്‍റെ കീഴില്‍ സ്‌ത്രീകളെ അടിച്ചമര്‍ത്തുന്ന ഇറാൻ ഭരണകൂടം

Protest Against Iran Regime (AP)

1979-ലെ ഇറാനില്‍ ആയത്തുള്ള ഖമയേനിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് രാജ്യത്ത് മതനിയമം ശക്തിപ്പെടുന്നത്. ഇസ്‌ലാമിന്‍റെ പേരില്‍ കര്‍ശന നിയമങ്ങളാണ് ഖമേനിയുടെ കീഴിലുള്ള ഇറാൻ ഭരണകൂടം നടപ്പിലാക്കിയത്. സ്ത്രീകളുടെ അവകാശങ്ങളെ വെട്ടിക്കുറച്ച ഇറാൻ ഭരണകൂടം, നിർബന്ധിത ഹിജാബ് നിയമമാക്കി, സ്ത്രീകൾ പൊതുസ്ഥലത്ത് ഹിജാബ് നര്‍ബന്ധമായും ധരിക്കണമെന്ന നിയമം കൊണ്ടുവന്നു.

എന്നാല്‍ ഇതിനെതിരെ ഇറാന്‍റെ തെരുവുകളില്‍ പ്രതിഷേധം അരങ്ങേറി. ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത അമിനിയുടെ മരണം 2022ൽ രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് ഇടയാക്കി. നിയമങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തണമെന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആവശ്യപ്പെട്ടു.

"സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യവുമായി ഇറാനിലുടനീളം പ്രതിഷേധം അരങ്ങേറി. ഈ പ്രതിഷേധങ്ങളെ ക്രൂരമായ ബലപ്രയോഗത്തിലൂടെ മതപൊലീസ് നേരിട്ടു, നൂറുകണക്കിന് പേര്‍ മരിക്കുകയും പതിനായിരക്കണക്കിന് അറസ്റ്റുകൾക്കും കാരണമായി.

Read Also:ഇന്ത്യ-യുകെ ബന്ധം പുതിയ ഉയരങ്ങളിലേക്ക്; 6 ലക്ഷം തൊഴിലവസരങ്ങള്‍ക്ക് പിന്നാലെ വൻ നിക്ഷേപത്തിനും വാതില്‍ തുറക്കുന്നു

ABOUT THE AUTHOR

...view details