കെയ്‌റോ:സിറിയയിലെ അഞ്ച് പതിറ്റാണ്ട് നീണ്ട ബാത് പാര്‍ട്ടി ഭരണകൂടത്തെ കടപുഴക്കിയ ഇസ്‌ലാമിക സഖ്യത്തിന്‍റെ നേതാവാണ് അബു മുഹമ്മദ് അല്‍ ജുലാനി. സിറിയയിലെ അല്‍ഖ്വയ്‌ദ വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ഹയാത് തഹ്‌രിര്‍ അല്‍ ഷാം(എച്ച്ടിഎസ്)ന്‍റെ തലവനാണ് ജുലാനി. തീവ്രവാദിയായിരുന്ന ജുലാനി തന്‍റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനായി മെല്ലെ മിതവാദത്തിലേക്ക് തിരിയുകയായിരുന്നു.
തന്‍റെ പ്രവൃത്തികളുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഇയാള്‍ ഈ ആഴ്‌ച ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ന് അസദിനെ അധികാരഭ്രഷ്‌ടനാക്കിയതോടെ അയാള്‍ തന്‍റെ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു. പതിമൂന്ന് വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവിലാണ് ഇവര്‍ അസദിനെ വീഴ്‌ത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാജ്യാന്തര മാധ്യമങ്ങള്‍ക്ക് മുന്നില്‍ അബു മുഹമ്മദ് അല്‍ ജുലാനി തന്‍റെ മനസുതുറന്നു. ലോകമെമ്പാടുമുള്ള സിറിയക്കാരോട് അയാള്‍ തന്‍റെ ഭാവി പരിപാടികള്‍ വിശദീകരിച്ചു.
കഴിഞ്ഞ മാസം 27ന് ജുലാനി സിറിയയിലെ രണ്ടാമത്തെ നഗരമായ അലപ്പോയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ജിഹാദികൾ ധരിക്കുന്ന തലപ്പാവ് അദ്ദേഹം വർഷങ്ങളായി ഒഴിവാക്കുകയും പകരം പലപ്പോഴും സൈനിക തലപ്പാവ് സ്വീകരിക്കുകയും ചെയ്‌തു.
ബുധനാഴ്‌ച, കാക്കി ഷർട്ടും ട്രൗസറും ധരിച്ച് അലപ്പോയിലെ കോട്ട സന്ദർശിക്കാൻ അദ്ദേഹം എത്തിയിരുന്നു. വെള്ള വാഹനത്തിന്‍റെ വാതിൽക്കൽ നിന്നുകൊണ്ട് കൈ വീശി ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങി.
2016-ൽ അൽ-ഖ്വയ്‌ദയുമായുള്ള ബന്ധം വിച്‌ഛേദിച്ചത് മുതൽ, കൂടുതൽ മിതവാദിയായ നേതാവായി സ്വയം ചിത്രീകരിക്കാൻ ജുലാനി ശ്രമിച്ചു. അദ്ദേഹം ഒരു പ്രായോഗിക വിപ്ലവകാരിയാണെന്നും പൊളിറ്റിക്കൽ ഇസ്‌ലാം വിദഗ്‌ധനായ തോമസ് പിയറെറ്റ് എഎഫ്‌പിയോട് പറഞ്ഞു. 2014-ൽ അദ്ദേഹം തന്‍റെ തീവ്രവാദത്തിന്‍റെ ഉത്തുംഗ ശൃംഖത്തിലായിരുന്നു എന്നും പിയറി ചൂണ്ടിക്കാട്ടി. പിന്നീടിങ്ങോട്ട് അദ്ദേഹം മിതവാദത്തിന്‍റെ പാത സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1982-ൽ ജനിച്ച അബു മുഹമ്മദ് അല്‍ ജുലാനി, ദമാസ്‌കസിലെ മാസെയിലാണ് വളർന്നത്. മികച്ച കുടുംബപശ്ചാത്തലമുള്ള ജുലാനി വളരെ മിടുക്കനായ വിദ്യാര്‍ത്ഥിയുമായിരുന്നു.
ഗോലാൻ കുന്നുകളിലെ തന്‍റെ കുടുംബ വേരുകളെ പരാമർശിക്കുന്നതാണ് തന്‍റെ പേരെന്ന് 2021-ൽ അദ്ദേഹം അമേരിക്കന്‍ ബ്രോഡ്‌കാസ്‌റ്റർ പിബിഎസിനോട് വെളിപ്പെടുത്തിയിരുന്നു. 1967-ൽ ഈ പ്രദേശം ഇസ്രയേൽ പിടിച്ചടക്കിയതിനെത്തുടർന്ന് തന്‍റെ മുത്തച്‌ഛൻ പലായനം ചെയ്യാൻ നിർബന്ധിതനായെന്നും അദ്ദേഹം അവകാശപ്പെട്ടു.
മിഡിൽ ഈസ്‌റ്റ് ഐ വാർത്താ വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, 2001 സെപ്‌തംബർ 11 ആക്രമണത്തിന് ശേഷമാണ് ജുലാനി ആദ്യമായി ജിഹാദി ചിന്തയിലേക്ക് ആകർഷിക്കപ്പെട്ടത്.
'9/11 ആക്രമണകാരികളോടുള്ള ആരാധനയുടെ ഫലമായാണ് ജുലാനിയുടെ ജീവിതത്തിൽ ജിഹാദിന്‍റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്, അദ്ദേഹം ദമാസ്‌കസിന്‍റെ പ്രാന്തപ്രദേശങ്ങളിൽ രഹസ്യ പ്രഭാഷണങ്ങളിലും പാനൽ ചർച്ചകളിലും പങ്കെടുക്കാൻ തുടങ്ങി,' വെബ്‌സൈറ്റ് പറയുന്നു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തെത്തുടർന്ന് അദ്ദേഹം സിറിയ വിട്ട് പോരാട്ടത്തിൽ പങ്കെടുത്തു. അബു മുസാബ് അൽ സർഖാവിയുടെ നേതൃത്വത്തിൽ അദ്ദേഹം ഇറാഖിലെ അൽ-ഖ്വയ്‌ദയിൽ ചേർന്നു, തുടർന്ന് അഞ്ച് വർഷം തടവിലാക്കപ്പെട്ടു. ഇതോടെ ജിഹാദി സംഘത്തിന്‍റെ നേതൃനിരയിലേക്കുള്ള അദ്ദേഹത്തിന്‍റെ വളര്‍ച്ച നിന്നു.
2011 മാർച്ചിൽ, സിറിയയിൽ അസദിന്‍റെ ഭരണത്തിനെതിരായ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അദ്ദേഹം നാട്ടിലേക്ക് മടങ്ങി, അൽ-ഖ്വയ്‌ദയുടെ സിറിയൻ ശാഖയായ അൽ-നുസ്ര ഫ്രണ്ട് സ്ഥാപിച്ചു. 2013-ൽ, ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്‍റെ അമീറായി മാറാൻ പോകുന്ന അബൂബക്കർ അൽ-ബാഗ്‌ദാദിയോട് കൂറ് പുലർത്താൻ അദ്ദേഹം വിസമ്മതിക്കുകയും പകരം അൽ-ഖ്വയ്‌ദയുടെ അയ്‌മാൻ അൽ-സവാഹിരിയോട് വിശ്വസ്‌തത കാട്ടുകയും ചെയ്‌തു.
തന്‍റെ അനുകൂലികളുടെ കണ്ണിൽ ഒരു യാഥാർത്ഥ്യവാദി, തന്‍റെ എതിരാളികളോട് അവസരവാദി അതായിരുന്നു ജുലാനി. ഐഎസിൽ നിന്ന് വ്യത്യസ്‌തമായി, പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്ന് 2015 മെയ് മാസത്തിൽ ജുലാനി പറഞ്ഞു, .
അസദിനെ പരാജയപ്പെടുത്തിയാൽ, പ്രസിഡന്‍റിന്‍റെ വംശത്തിൽ നിന്ന് അലവൈറ്റ് ന്യൂനപക്ഷത്തിനെതിരെ പ്രതികാര ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാശ്ചാത്യർക്ക് തന്‍റെ സംഘടനയെ ആക്രമിക്കാനുള്ള കാരണങ്ങൾ ഇല്ലാതാക്കാൻ അദ്ദേഹം അൽ-ഖ്വയ്‌ദയുമായുള്ള ബന്ധം വിച്‌ഛേദിച്ചു. പിയറെറ്റ് പറയുന്നതനുസരിച്ച്, വിശ്വസനീയമായ ഒരു രാഷ്‌ട്രതന്ത്രജ്ഞനാകാനുള്ള വഴി തയാറാക്കാനുള്ള ശ്രമമായിരുന്നു അവിടുന്ന് ഇങ്ങോട്ട് ജുലാനിയുടേത്.
2017 ജനുവരിയിൽ, വടക്കുപടിഞ്ഞാറൻ സിറിയയിലെ എതിരാളികളായ ഇസ്‌ലാമിസ്‌റ്റ് ഗ്രൂപ്പുകളുമായി ജുലാനി എച്ച്ടിഎസിനെ ലയിപ്പിച്ചു. അതുവഴി സര്‍ക്കാരിന്‍റെ കൈകളിൽ നിന്ന് ഇദ്‌ലിബ് പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്തു.
തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ, എച്ച്ടിഎസ് ഒരു പൗര സര്‍ക്കാര്‍ വികസിപ്പിക്കുകയും ഇദ്‌ലിബ് പ്രവിശ്യയിൽ ഒരു സംസ്ഥാനം രൂപീകരിക്കുകയും ചെയ്‌തു. അതേസമയം വിമത എതിരാളികളെ തകർത്തു.
ഈ പ്രക്രിയയിലുടനീളം, വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കാനുള്ള നടപടികളുണ്ടായതായി നാട്ടുകാരില്‍ നിന്നും മറ്റ് സംഘങ്ങളിൽ നിന്നും നിന്നും എച്ച്ടിഎസ് ആരോപണങ്ങൾ നേരിട്ടു, യുഎൻ ഇത് യുദ്ധക്കുറ്റങ്ങളായി ഗണിച്ചു.
തന്‍റെ സംഘം സൃഷ്‌ടിച്ച ഭയത്തെയും വെറുപ്പിനെയും കുറിച്ച് ബോധവാനായ ജുലാനി, തന്‍റെ പുതിയ ഭരണത്തിന് കീഴിൽ അവർക്ക് ഒരു ദോഷവും നേരിടേണ്ടിവരില്ലെന്ന് ഉറപ്പുനൽകി. ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ ആസ്ഥാനമായ അലപ്പോയിലെ നിവാസികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ജുലാനി ഈ ഉറപ്പുകള്‍ നല്‍കിയത്. അസദിന്‍റെ ഭരണത്തിൽ നിന്ന് തങ്ങൾ മോചിപ്പിച്ച പ്രദേശങ്ങളിൽ സുരക്ഷ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം തന്‍റെ പോരാളികളോട് ആഹ്വാനം ചെയ്‌തു.
Also Read:അഞ്ച് പതിറ്റാണ്ട് നീണ്ട അസദ് കുടുംബത്തിന്‍റെ ഭരണത്തിന് അന്ത്യം; വിമത നീക്കത്തില്‍ കാലിടറി സിറിയ