വാഷിങ്ടണ്‍ : ബംഗ്ലാദേശിലെ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. മത, രാഷ്‌ട്രീയ സംഘങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. സംഭവങ്ങളില്‍ വിശ്വാസ യോഗ്യമായ അന്വേഷണം നടത്താനായി ശക്തമായ ഒരു പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അമേരിക്ക വ്യക്തമാക്കി. ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയും വിദേശകാര്യമന്ത്രാലയ വക്താവ് പങ്കുവച്ചു.
രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും അമേരിക്ക ആഹ്വാനം ചെയ്‌തു. ഇത് പ്രതികാരത്തിനുള്ള സമയമല്ല. അമേരിക്കയുടെ സുഹൃത്തും പങ്കാളിയുമെന്ന നിലയില്‍ ബംഗ്ലാദേശിന്‍റെ ജനാധിപത്യത്തിന് അമേരിക്കയുടെ സഹായമുണ്ടാകും. എല്ലാവര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയും അമേരിക്ക നിലകൊള്ളും.
പതിനഞ്ച് വര്‍ഷമായി പ്രധാനമന്ത്രി പദത്തിലിരുന്ന ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ ബംഗ്ലാദേശ് കനത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. തൊഴില്‍ സംവരണം സംബന്ധിച്ച് രാജ്യത്ത് ആരംഭിച്ച പ്രക്ഷോഭം സര്‍ക്കാരിനെതിരെയുള്ള കനത്ത സമരമായി മാറി ആക്രമണങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഈ ആക്രമണ സംഭവങ്ങളില്‍ മൂന്നൂറിലേറെ ജീവനുകള്‍ നഷ്‌ടമായി. ഒരു ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശില്‍ ധാരാളം ഹിന്ദു ക്ഷേത്രങ്ങള്‍ കത്തിച്ചതായി റിപ്പോര്‍ട്ടുണ്ടെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ വര്‍ഷങ്ങളായി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുവെന്നും എച്ച്എഎഫ് നയ ഗവേഷക മേധാവി അനിത ജോഷി പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ അമേരിക്ക ഇടക്കാല സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് എച്ച് എഎഫ് ആവശ്യപ്പെട്ടു.
അതിനിടെ ബംഗ്ലാദേശിൽ നിലവിലുള്ള പാർലമെന്‍റ് പിരിച്ചുവിട്ട പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും. യൂനുസിന്‍റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥി നേതാക്കളുടെ ആവശ്യം. മന്ത്രിസഭയിലെ അംഗങ്ങളെ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് പ്രസിഡന്‍റിന്‍റെ മാധ്യമ സെക്രട്ടറി മുഹമ്മദ് ജോയ്‌നാൽ അബേദിൻ അറിയിച്ചു.