വാഷിങ്‌ടണ്‍ ഡിസി: സിറിയയിലെ വിവിധ സ്ഥലങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ സൈനിക വിഭാഗം. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ (ISIS) ക്യാമ്പുകള്‍ ലക്ഷ്യം വച്ചാണ് സിറിയിയിലെ വിവിധയിടങ്ങളില്‍ വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് ഫോഴ്‌സ് അറിയിച്ചു.
'സിറിയയിലെ നിരവധി ഐഎസ്‌ഐഎസ് ക്യാമ്പുകൾക്കെതിരെ യുഎസ് സെൻട്രൽ കമാൻഡ് ഫോഴ്‌സ് നിരവധി വ്യോമാക്രമണങ്ങൾ നടത്തി'- യുഎസ് സെൻട്രൽ കമാൻഡ് (സെന്‍റ്‌കോം) പങ്കുവച്ച എക്‌സ് പോസ്‌റ്റില്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യസുരക്ഷയുടെ ഭാഗമായാണ് സിറിയയിലേക്ക് ആക്രമണം നടത്തിയതെന്നും അമേരിക്കൻ സൈനിക വിഭാഗം വ്യക്തമാക്കി.
അമേരിക്കയ്‌ക്കെതിരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ വേണ്ടി നിര്‍മിച്ച ഐഎസ്‌ഐഎസ് ക്യാമ്പുകള്‍ക്കെതിരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും അമേരിക്കയ്‌ക്കെതിരെയോ അതിന്‍റെ സഖ്യകക്ഷികള്‍ക്കെതിരെയോ ഉള്ള ഭീകരാക്രമണം തടയുന്നതിന്‍റെ ഭാഗമായാണിതെന്നും അമേരിക്കൻ സൈനിക വിഭാഗം അവകാശപ്പെട്ടു.
'യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനും അതിന്‍റെ സഖ്യകക്ഷികൾക്കും സാധാരണക്കാര്‍ക്കും എതിരായി ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കുവാനും ഉപയോഗിക്കുന്ന ഐഎസ്‌ഐഎസിന്‍റെ കാമ്പ്യുകള്‍ ലക്ഷ്യം വച്ച് ഞങ്ങള്‍ വ്യോമാക്രമണ പരമ്പര നടത്തി.' അമേരിക്കൻ സൈനിക വിഭാഗം പങ്കുവച്ച പോസ്‌റ്റില്‍ പറയുന്നു.