വാഷിങ്ടൺ ഡിസി:ലൈംഗീകാതിക്രമ കേസിൽ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ കീഴ്‌കോടതി പുറപ്പെടുവിച്ച വിധി ശരിവച്ച് യുഎസ് അപ്പീൽ കോടതി. 1996 ൽ എഴുത്തുകാരിയായ ഇ ജീൻ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസിൽ അഞ്ച് ദശലക്ഷം യു എസ് ഡോള നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിയാണ് അപ്പീൽ കോടതി ശരിവച്ചത്. കേസിൽ വീണ്ടും വാദം നടത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് കോടതി വിധിയെന്ന് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്‌തു.
താന്‍ അതിക്രമം നടത്തിയെന്നാരോപിച്ച മറ്റ് രണ്ട് സ്‌ത്രീകളുടെ മൊഴിയെടുത്തത് അടക്കം വിധിപറഞ്ഞ ജഡ്‌ജിമാർക്ക് പിഴവുപറ്റിയെന്ന വാദത്തിലൂന്നിയാണ് ട്രംപ് ശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകിയത്. എന്നാൽ കരോളിൻ്റെ കേസിൻ്റെ പ്രാധാന്യം കണക്കിലെടുത്താൽ വിചാരണ ചെയ്‌ത ജഡ്‌ജി തെറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിലും പുതിയ വിചാരണ നട1ത്തേണ്ട രീതിയിൽ അത് ട്രംപിന്‍റെ അവകാശങ്ങളെ ബാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചതായാണ് റിപ്പോർട്ട്.
1996-ൽ ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡിപ്പാർട്ട്‌മെൻ്റ് സ്‌റ്റോറിൽ വച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കരോളിന്‍റെ ആരോപണം. എന്നാൽ ട്രംപ് അവരുടെ ആരോപണം തള്ളി രംഗത്തെത്തി. അവൾ തൻ്റെ ടൈപ്പല്ലെന്ന് പറഞ്ഞ് പരിഹസിച്ച ട്രംപ് പുസ്‌തകത്തിൻ്റെ വിൽപ്പന കൂട്ടാന്‍ കരോൾ കെട്ടിച്ചമച്ച കഥയാണ് കേസെന്ന് ആരോപിക്കുകയും ചെയ്‌തു. എന്നാൽ വാദത്തിനൊടുവിൽ ട്രംപിന് കോടതി അഞ്ച് മില്യൺ ഡോളർ പിഴ ശിക്ഷയായി വിധിക്കുകയായിരുന്നു.