ഐക്യരാഷ്‌ട്രസഭ:സിറിയയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കാന്‍ ഐക്യരാഷ്‌ട്രരക്ഷാസമിതിയുടെ തീരുമാനം. വിമതര്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാനും മാനുഷിക സഹായങ്ങള്‍ ആവശ്യമുള്ള ലക്ഷക്കണക്കിന് പേര്‍ക്ക് സഹായമെത്തിക്കാനും രക്ഷാസമിതി തീരുമാനിച്ചത്. ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിയുടെ ഒരു അടിയന്തര യോഗത്തിന് ശേഷം അമേരിക്കയും റഷ്യയുമാണ് ഇക്കാര്യം അറിയിച്ചത്.
സിറിയയിലെ അട്ടിമറി എല്ലാവരെയും ഞെട്ടിച്ചെന്ന് റഷ്യയുടെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി വാസിലി നെബെന്‍സിയ പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികള്‍ രക്ഷാസമിതി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ രക്ഷാസമിതി ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും നെബെന്‍സിയ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണം. ആവശ്യക്കാര്‍ക്ക് മാനുഷിക സഹായങ്ങളും എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വരും ദിവസങ്ങളില്‍ സമിതിയുടെ അംഗരാജ്യങ്ങളുടെ ഒരു സംയുക്ത പ്രസ്‌താവന ഉണ്ടാകും. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച പ്രസ്‌താവന ഉണ്ടാകുമെന്നും അമേരിക്കന്‍ സ്ഥാനപതി റോബര്‍ട്ട് വുഡ് പറഞ്ഞു. സിറിയയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഒറ്റശബ്‌ദത്തില്‍ അഭിപ്രായം പറയാനാണ് സമിതിക്ക് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അംഗരാജ്യങ്ങള്‍ ഏകമനസോടെയാണ് അംഗീകരിച്ചതെന്നും വുഡ് പറഞ്ഞു. സിറിയന്‍ സേന ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന് ആരും കരുതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവിയെക്കുറിച്ച് ഒരുപാട് അനിശ്ചിതത്വങ്ങളുണ്ട്. അതേസമയം അസദിന്‍റെ വീഴ്ച ഒരു ജനാധിപത്യ സിറിയയ്ക്കുള്ള അവസരമാണ്. സിറിയന്‍ ജനതയുടെ അവകാശങ്ങളും അന്തസും മാനിക്കപ്പെടാനുള്ള അവസരം. അതേസമയം നിരവധി വെല്ലുവിളികളും രാജ്യത്തിന് മുന്നിലുണ്ട്. അവസരങ്ങള്‍ നാം ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.