ദുബായ് :4,474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടി ദുബായ് പൊലീസ്. ട്രാഫിക് അവബോധം വളർത്തുന്നതിനും റോഡ് ഉപയോഗിക്കുന്നവർക്കിടയിൽ ട്രാഫിക് അപകടങ്ങൾ തടയുന്നത് പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും ഭാഗമായാണിത് ചെയ്‌തതെന്ന് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്‌ദുല്ല അലി അൽ ഗൈതി പറഞ്ഞു.
"ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത് ട്രാഫിക് നിയമലംഘനം നടത്തുന്നവരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയുമാണ്. ഇതിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുവാനും സാധിക്കുന്നു". അദ്ദേഹം പറഞ്ഞു.
ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ അനധികൃത സ്ഥലങ്ങളിലോ പൊതു റോഡുകളിലോ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് അൽ ഗൈതി ചൂണ്ടിക്കാണിച്ചു.നിരന്തരമായി ബോധവൽക്കരണ ക്യാംപെയ്‌നുകൾ നൽകി വാഹനമോടിക്കുന്നവർക്കും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ദുബായ് പൊലീസ് മുൻഗണന നൽകുന്നുവെന്ന് അൽ ഗൈതി കൂട്ടിച്ചേർത്തു.