വാഷിങ്ടൺ: മെക്‌സിക്കോയ്ക്ക് 25% അധിക ഇറക്കുമതിത്തീരുവ ചുമത്താനുള്ള തീരുമാനം താത്‌ക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസത്തേക്ക് തീരുവ വർധനവ് നടപ്പാക്കില്ലെന്ന് ധാരണയായതായി വൈറ്റ് ഹൗസും മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലൗഡിയ ഷൈൻബൗവും അറിയിച്ചു. നാളെ മുതലായിരുന്നു തീരുവ വർധന നിലവിൽ വരാനിരുന്നത്. എന്നാൽ ഇന്ന് ട്രംപും ക്ലൗഡിയയും ടെലിഫോണിൽ സംസാരിച്ചതിനെ തുടർന്നുള്ള തീരുമാനമാണെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുഎസ് - മെക്‌സിക്കോ അതിർത്തിയിൽ പതിനായിരം സൈനികരെക്കൂടി വിന്യസിപ്പിക്കാമെന്ന് മെക്‌സിക്കോ യുഎസിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ക്ലൗഡിയ പറഞ്ഞു. തെക്കൻ അതിർത്തിയിലൂടെയുള്ള ലഹരിമരുന്ന് കടത്ത് തടയുന്നില്ലെന്ന് ആരോപിച്ചായിരുന്നു പുതിയ തീരുമാനം. കാനഡയുടെ തീരുവ വർധനയുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും ട്രംപ് ചർച്ച നടത്തുമെന്നാണ് വിവരം.
നേരത്തെ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും തീരുവ ട്രംപ് ചുമത്തിയിരുന്നു. കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയിലിന് 10 ശതമാനവും ചുമത്തി. യുഎസിന്‍റെ ഇറക്കുമതിയുടെ 40 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ഇറക്കുമതിത്തീരുവ ഒഴിവാക്കണമെങ്കില്‍ കമ്പനികളോട് യുഎസിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് ട്രംപ് നിര്‍ദേശം നൽകിയിരിക്കുന്നത്.
എന്നാൽ ഇതിന് മറുപടിയെന്നോണം യുഎസ് ഉത്‌പന്നങ്ങള്‍ക്കും സമാനമായ നികുതി ചുമത്തുമെന്ന് കാനഡ വ്യക്തമാക്കിയിരുന്നു. മെക്‌സിക്കോ, കാനഡ, ചൈന എന്നീ മൂന്ന് രാജ്യങ്ങൾക്കും തീരുവ കൂട്ടിയതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ദക്ഷിണാഫ്രിക്കയ്ക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സാധനങ്ങൾക്കും ഉടൻ തന്നെ തീരുവ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് തീരുവ ചുമത്തിക്കഴിഞ്ഞാൽ ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ ഇന്നലെ (ഫെബ്രുവരി 02) പറഞ്ഞിരുന്നു.
Also Read:യുഎസിലെ ഇന്ത്യന്‍ വിദ്യാർഥികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; 'ചെലവിനുള്ള തുക ഇന്ത്യയിൽ നിന്നയക്കണം'