അറ്റ്‌ലാന്‍റ: രാജ്യത്തെ സമ്പദ്ഘടന, അതിര്‍ത്തി, വിദേശനയം, ഗര്‍ഭച്‌ഛിദ്രം, ദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പരസ്‌പം പഴിചാരി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും. പരസ്‌പരം കള്ളനെന്നും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റെന്നും ഇരുവരും വിളിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംവാദം അക്ഷരാര്‍ത്ഥത്തില്‍ പോര്‍ക്കളമായി മാറി.
ഇന്ത്യന്‍ സമയം ഏഴരയോടെ അവസാനിച്ച ഒന്നരമണിക്കൂര്‍ നീണ്ട സംവാദം വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് ഇരു നേതാക്കളും ഉപയോഗിച്ചത്. അടുത്തിടെ താന്‍ ഫ്രാന്‍സില്‍ 'ഡി ഡേ' ആചരണത്തിന് പോയതും വീരമ്യത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് ആദരം അര്‍പ്പിച്ചതും ലോക മഹായുദ്ധങ്ങളില്‍ ജീവന്‍ നഷ്‌ടമായവരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചതും ബൈഡന്‍ ഓര്‍ത്തെടുത്തു. എന്നാല്‍ 2018 ല്‍ അവിടം സന്ദര്‍ശിക്കാന്‍ ട്രംപ് വിസമ്മതിച്ചതിനെക്കുറിച്ചും അദ്ദേഹം ആരോപണം ഉയര്‍ത്തി.
തന്നെ ശിക്ഷിക്കപ്പെട്ട കുറ്റവാളി എന്ന് വിളിച്ചതിന് മറുപടിയായി ട്രംപ് ബൈഡനെ ക്രിമിനല്‍ എന്ന് വിളിച്ചു. ബൈഡന്‍ പല ഭീകര കൃത്യങ്ങളും ചെയ്‌തിട്ടുണ്ടെന്നും, ബൈഡനും ശിക്ഷിക്കപ്പെടുമായിരുന്നു എന്നും ട്രംപ് ആരോപിച്ചു. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല, സംവിധാനങ്ങള്‍ തന്നെ തെറ്റുകാരനാക്കുകയായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ബൈഡന്‍ മകന്‍ ഹണ്ടര്‍ ബൈഡന്‍ വലിയ തെറ്റിന് ശിക്ഷിക്കപ്പെടിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ബൈഡന് താന്‍ എന്താണ് പറയുന്നതെന്ന് അറിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
കുറ്റകൃത്യങ്ങള്‍ക്ക് എത്ര തുക പിഴയടച്ച ആളാണ് ട്രംപെന്ന് ബൈഡന്‍ ചോദിച്ചു. പൊതുസ്ഥലത്ത് വച്ച് ഒരു സ്‌ത്രീയെ അപമാനിച്ചതിന് അടക്കം പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട്. ഭാര്യ ഗര്‍ഭിണിയായിരിക്കെ നീല ചിത്ര നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതടക്കം നിരവധി തെറ്റുകള്‍ ചെയ്‌ത വ്യക്തിയാണ് ട്രംപെന്നും ബൈഡന്‍ ആരോപിച്ചു. യാതൊരു ധാര്‍മ്മിക മൂല്യങ്ങളും പുലര്‍ത്താത്ത വ്യക്തിയാണ് ട്രംപെന്നും ബൈഡന്‍ ആരോപിച്ചു. അമേരിക്കന്‍ ജനാധിപത്യത്തെക്കുറിച്ചും ട്രംപിന് ബോധ്യമില്ല.
ബൈഡന്‍റെ കുടിയേറ്റ നയങ്ങളെ ട്രംപ് കുറ്റപ്പെടുത്തി. രാജ്യത്തെ അരക്ഷിതമാക്കാനേ ഇതുപകരിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സംസ്‌കാര ശൂന്യമായ ഒരു രാജ്യമായി മാറിയിരിക്കുന്നു. അതിര്‍ത്തികളെല്ലാം തുറന്ന് കൊടുത്തു. ആര്‍ക്ക് വേണമെങ്കിലും ഇവിടേക്ക് കടന്ന് വരാം. പുറംനാടുകളില്‍ നിന്ന് ധാരാളം പേര്‍ ഇവിടേക്ക് വന്നിരിക്കുന്നു. ഇവരെല്ലാം ചേര്‍ന്നിവിടം ഇല്ലാതാക്കും. ന്യൂയോര്‍ക്ക് നഗരത്തിലെ ആഡംബര ഹോട്ടലുകളിലാണ് അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നത്. നമ്മുടെ രാജ്യത്തെ മുതിര്‍ന്നപൗരന്‍മാര്‍ തെരുവില്‍ കഴിയുന്നു. മതിയായ പരിചരണം ലഭിക്കാത്ത അവര്‍ തെരുവുകളില്‍ മരിച്ച് വീഴുന്നു. സൈന്യത്തെയും ബൈഡന് ഇഷ്‌ടമില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഇയാള്‍ പറയുന്ന ഓരോ കാര്യങ്ങളും നുണയാണെന്നായിരുന്നു ബൈഡന്‍റെ മറുപടി. PACT നിയമം നിലവില്‍ വന്നതോടെ രാജ്യത്തെ മുതിര്‍ന്ന ജനവിഭാഗത്തിന്‍റെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടു. മുതിര്‍ന്ന പത്ത് ലക്ഷം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കുന്നു. അവരുടെ കുടുംബാംഗങ്ങള്‍ക്കും അത് ലഭിക്കുന്നുണ്ടെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
തന്‍റെ ഭരണകാലത്ത് വിദേശത്തുള്ള ഭീകരരെ പോലും വകവരുത്തി. അല്‍ ബാഗ്‌ദാദി, സൊളയ്‌മനി എന്നീ കൊടുംഭീകരരെ വകവരുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടു. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ബൈഡന് സാധിക്കുന്നില്ല. 20000 കോടി അമേരിക്കന്‍ ഡോളര്‍ യുക്രൈന് നല്‍കിയിരിക്കുന്നു. ഇത് വലിയ തുകയാണ്. സെലെന്‍സ്‌കി ഇടയ്ക്കിടെ ഇവിടെ വന്ന് പണം വാങ്ങി പോകുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.