ഇസ്‌ലാമാബാദ് :പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 10 സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം 12 പേര്‍ മരിച്ചു. 36 പേര്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്‍റെ പ്രത്യാക്രമണങ്ങളില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടു. കെപി, ബലൂചിസ്ഥാന്‍, ദേര ഇസ്‌മായില്‍ ഖാന്‍ ജില്ല തുടങ്ങി 51 ഇടങ്ങളിലാണ് ഭീകരാക്രമണമുണ്ടായത് (Terrorist Attack In Pakistan).
'രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അവയെല്ലാം തടസപ്പെടുത്തും വിധമാണ് ബലൂചിസ്ഥാനിലും കെപിയിലും (ഖൈബര്‍ പഖ്‌തൂണ്‍ഖ്വ) ഭീകരാക്രമണമുണ്ടായതെന്ന്' സൈന്യത്തിന്‍റെ മീഡിയ വിഭാഗമായ ഇന്‍റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്‌പിആര്‍) റിപ്പോര്‍ട്ട് ചെയ്‌തു. 'സംഭവത്തിന് പിന്നാലെ സൈന്യം കൂടുതല്‍ സുരക്ഷയൊരുക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ ക്രമസമാധാനം നിലനിര്‍ത്തുവാനും ശ്രമിച്ചുവെന്നും' ഐഎസ്‌പിആര്‍ പറഞ്ഞു. ഭീകരാക്രമണം നടന്നതിന് പിന്നാലെ സൈന്യം തിരിച്ചടിച്ചതോടെ അഞ്ച് ഭീകരരും കൊല്ലപ്പെട്ടുവെന്നും ഐഎസ്‌പിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു (Inter-Services Public Relations -ISPR).
ദേര ഇസ്‌മായില്‍ ഖാന്‍ ആക്രമണം: ഇന്നലെ (ഫെബ്രുവരി 8) തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ദേര ഇസ്‌മായില്‍ ഖാന്‍ ജില്ലയില്‍ പൊലീസ് വാഹനത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഐഇഡി ആക്രമണമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അരമണിക്കൂര്‍ നേരം ഭീകരര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു (Election Commission of Pakistan).