കേരളം

kerala

ETV Bharat / international

ആരെയും വെറുതെ വിടില്ലെന്ന് താലിബാന്‍; അഫ്‌ഗാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 46 മരണം, മരിച്ചതിലേറെയും സ്‌ത്രീകളും കുട്ടികളും - PAKISTAN AIR STRIKES IN AFGHANISTAN

അഫ്‌ഗാനിലെ പാക് വ്യോമാക്രമണത്തില്‍ മരിച്ചവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമാണെന്ന് താലിബാന്‍.

Taliban  PAKISTAN AIR STRIKES  PAKISTAN AIR STRIKES IN AFGHANISTAN  AFGHANISTAN
Representational Image (AFP)

By ETV Bharat Kerala Team

Published : 24 hours ago

കാബൂള്‍:അഫ്‌ഗാനിസ്ഥാനിലെ കിഴക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. പക്തിക പ്രവിശ്യയിലെ ബര്‍മാല്‍ ജില്ലയില്‍ നാലിടങ്ങളിലാണ് പാകിസ്ഥാന്‍ ബോംബ് വര്‍ഷിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവമെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് എഎഫ്‌പിയോട് പറഞ്ഞു.

മരിച്ചവരിലേറെയു സ്‌ത്രീകളും കുട്ടികളുമാണെന്നും വക്താവ് സബിനുള്ള മുജാഹിദ് പറഞ്ഞു. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിലേറെയും കുട്ടികളാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അഫ്‌ഗാന്‍ മണ്ണില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളെ പ്രതിരോധമന്ത്രാലയം പ്രസ്‌താവനയിലൂടെ അപലപിച്ചു. സംസ്‌കാര ശൂന്യവും തികച്ചും കടന്ന് കയറ്റവുമാണ് ആക്രമണങ്ങളെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിന് പകരം ചോദിക്കാതെ വെറുതെ വിടില്ലെന്നും അഫ്‌ഗാന്‍ വ്യക്തമാക്കി. തങ്ങളുടെ അതിര്‍ത്തികളെയും പരമാധികാരത്തെയും സംരക്ഷിക്കേണ്ടത് ഒഴിവാക്കാനാകാത്ത അവകാശമാണെന്നും താലിബാന്‍ വ്യക്തമാക്കി.

ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ പതിനെട്ട് പേര്‍ മരിച്ചു. കുടുംബത്തിലെ മുഴുവന്‍ പേരുമാണ് മരിച്ചത്. രണ്ട് മൂന്ന് വീടുകളും തകര്‍ന്നിട്ടുണ്ട്. മറ്റൊരു വീട്ടിലെ മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2021ല്‍ താലിബാന്‍ അധികാരം ഏറ്റെടുത്തതോടെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുകയാണ്.

നേരത്തെ, മാര്‍ച്ചിലും അഫ്‌ഗാന്‍ മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. അന്ന് എട്ട് പേര്‍ മരിച്ചിരുന്നു. അതേസമയം താലിബാന്‍ ഭരണകൂടം ഭീകരരെ സംരക്ഷിക്കുന്നുവെന്നാണ് പാകിസ്ഥാന്‍റെ ആരോപണം. പാകിസ്ഥാന്‍ മണ്ണില്‍ ആക്രമണങ്ങള്‍ നടത്താന്‍ അവര്‍ക്ക് സഹായം നല്‍കുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അഫ്‌ഗാന്‍ നിഷേധിക്കുന്നു.

കഴിഞ്ഞ ആഴ്‌ച അഫ്‌ഗാന്‍ അതിര്‍ത്തിയിലെ പാക് സൈനിക ഔട്ട് പോസ്റ്റില്‍ പതിനാറു സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്ന പാക് താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ ആക്രമണം. അഫ്‌ഗാന്‍ താലിബാന്‍റെ പ്രത്യയശാസ്‌ത്രങ്ങളാണ് പാക് താലിബാനും പിന്തുടരുന്നത്.

അതേസമയം അഫ്‌ഗാനില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് യാതൊരു ഔദ്യോഗിക പ്രതികരണവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഉന്നതതല താലിബാന്‍ ഉദ്യോഗസ്ഥരുമായി കാബൂള്‍ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍റെ അഫ്‌ഗാനിലെ പ്രത്യേക ദൂതന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ആക്രമണം ഭീകര ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട്; പാകിസ്ഥാന്‍ സുരക്ഷാസേന

ഭീകര ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാന്‍റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ എഎഫ്‌പിയോട് പറഞ്ഞു. ജെറ്റുകളും ഡ്രോണുകളുമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദേശത്തോടെ അദ്ദേഹം വ്യക്തമാക്കി.

Also Read:നിലംതൊട്ടതും തീഗോളമായി; റഷ്യയിലേക്ക് പറക്കുകയായിരുന്ന യാത്രാ വിമാനം കസാഖിസ്ഥാനിൽ തകർന്നുവീണു

ABOUT THE AUTHOR

...view details