തായ്‌പേയ് :തായ്‌വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന. ദ്വീപിന് സമീപം ഇന്ന് (ഫെബ്രുവരി 25) 12 ചൈനീസ് വിമാനങ്ങൾ, 14 നാവിക കപ്പലുകൾ, ഒരു ഔദ്യോഗിക കപ്പൽ, രണ്ട് ബലൂണുകൾ എന്നിവ കണ്ടെത്തിയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം (എംഎൻഡി) റിപ്പോർട്ട് ചെയ്‌തു. 12 വിമാനങ്ങളിൽ 10 എണ്ണം തായ്‌വാൻ കടലിടുക്കിന്‍റെ മീഡിയൻ ലൈൻ കടന്ന് ദ്വീപിന്‍റെ വടക്ക്, തെക്കുപടിഞ്ഞാറൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് (ADIZ) പ്രവേശിച്ചതായി എംഎൻഡി പറഞ്ഞു.
'12 പിഎൽഎ എയർക്രാഫ്‌റ്റ്, 14 പിഎൽഎഎൻ കപ്പലുകൾ, തായ്‌വാന് ചുറ്റും സർവീസ് നടത്തുന്ന ഒരു ഔദ്യോഗിക കപ്പൽ എന്നിവ ഇന്ന് രാവിലെ 6 മണി വരെ (UTC+8) തായ്‌വാന് ചുറ്റും കണ്ടെത്തിയിട്ടുണ്ട്. 10 എയർക്രാഫ്‌റ്റ് മീഡിയൻ ലൈൻ കടന്ന് തായ്‌വാന്‍റെ വടക്കൻ, തെക്കുപടിഞ്ഞാറൻ എഡിഇഎസിൽ പ്രവേശിച്ചു. ഈ സമയപരിധിക്കുള്ളിൽ രണ്ട് പിആർസി ബലൂണുകളും കണ്ടെത്തി,' എന്ന് എംഎൻഡി എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം (ഫെബ്രുവരി 24) തായ്‌വാന് സമീപം അഞ്ച് ചൈനീസ് വിമാനങ്ങൾ, 10 ചൈനീസ് കപ്പലുകൾ, രണ്ട് ഔദ്യോഗിക കപ്പലുകൾ, രണ്ട് ചൈനീസ് ബലൂണുകൾ എന്നിവ കണ്ടെത്തിയതായി എംഎൻഡി റിപ്പോർട്ട് ചെയ്‌തിരുന്നു. അഞ്ച് വിമാനങ്ങളിൽ മൂന്നെണ്ണം മീഡിയൻ ലൈൻ കടന്ന് തായ്‌വാനിന്‍റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് (ADIZ) പ്രവേശിച്ചതായി എംഎൻഡി അറിയിച്ചു.