സിയോള്‍:ഉത്തരകൊറിയയെ നയിക്കാനുള്ള കിം ജോങ് ഉന്നിന്‍റെ കഴിവ് നിർണായക വിഷയമായ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ദക്ഷിണ കൊറിയയുടെ ചാരസംഘടന രംഗത്ത്. കിം ജോങ് ഉന്നിന് അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിന്‍റെ ചികിത്സയ്ക്കായി ഉത്തരകൊറിയൻ സർക്കാർ പുതിയ മരുന്നുകൾ തേടുകയാണെന്നും ചാരസംഘടന അറിയിച്ചു.
കിം ജോങ് ഉന്നിന്‍റെ അച്‌ഛനും, മുത്തച്‌ഛനും ഹൃദയസംബന്ധമായ അസുഖം മൂലമാണ് മരിച്ചത്. 170 സെന്‍റീമീറ്റർ ഉയരവും, ഏകദേശം 140 കിലോഗ്രാം ഭാരവുമുള്ള വ്യക്തിയാണ് കിം ജോങ് ഉൻ. അമിതവണ്ണമുള്ള അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. മാത്രമല്ല അമിതമായ മദ്യപാനം പുകവലി എന്നീ ശീലങ്ങളും അദ്ദേഹത്തിനുണ്ട്.
ദക്ഷിണ കൊറിയയിലെ നാഷണൽ ഇന്‍റലിജൻസ് സർവീസ് (എൻഐഎസ്) ഹൃദ്രോഗത്തിനുള്ള ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിലാണ് കിമ്മിനെ പരിഗണിക്കുന്നത്. നിയമനിർമ്മാതാക്കളായ ലീ സിയോങ് ക്വ്യൂണും പാർക്ക് സൺവോണും പറയുന്നതനുസരിച്ച്, കിം 30 കളുടെ തുടക്കം മുതൽ ഉയർന്ന രക്തസമ്മർദ്ദത്തിന്‍റെയും പ്രമേഹത്തിന്‍റെയും ലക്ഷണങ്ങൾ പ്രകടമാക്കിയിട്ടുണ്ടെന്നും അത് അമിതവണ്ണം, മദ്യപാനം, പുകവലി, സമ്മർദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുമെന്നും എൻഐഎസ് റിപ്പോർട്ട് ചെയ്‌തു.
ഉത്തരകൊറിയയുടെ രഹസ്യ സ്വഭാവം കണക്കിലെടുക്കുമ്പോൾ, കിമ്മിന്‍റെ കൃത്യമായ ആരോഗ്യസ്ഥിതികൾ പുറത്തുനിന്നുള്ളവർക്ക് കണ്ടെത്തുന്നത് അസാധ്യമാണ്. മാത്രമല്ല രാജ്യത്തിനുള്ളിലെ സംഭവവികാസങ്ങൾ സ്ഥിരീകരിക്കുന്നതിൽ എൻഐഎസിന് മിക്‌സഡ് ട്രാക്ക് റെക്കോർഡും ഉണ്ട്.