ന്യൂഡല്‍ഹി:ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്തായി ദിവസങ്ങള്‍ക്ക് ശേഷം തന്‍റെ മൗനം വെടിഞ്ഞ് ഷെയ്ഖ് ഹസീന. തന്‍റെ ഭരണകാലത്ത് രാജ്യമുണ്ടാക്കിയ അഭിവൃദ്ധി ഹസീന എടുത്തുക്കാട്ടി. ലോകത്തെ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ അഭിമാനാര്‍ഹമായ സ്ഥാനമാണ് ഇപ്പോള്‍ ബംഗ്ലാദേശിനുള്ളത്. 1975 ഓഗസ്റ്റ് പതിനഞ്ചിന് വധിക്കപ്പെട്ട തന്‍റെ പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാനും മറ്റ് കുടുംബാംഗങ്ങള്‍ക്കും അവര്‍ ആദരമര്‍പ്പിച്ചു.
മകന്‍ സജീബ് വസീദിന്‍റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഷെയ്ഖ് ഹസീന പ്രതികരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 5ന് ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവച്ച ശേഷം അവര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്‌തു. ജോലിയിലെ വിവാദ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളാണ് ഹസീനയുടെ രാജിയില്‍ അവസാനിച്ചത്.
സജീബ് വസീദിന്‍റെ എക്‌സ് അക്കൗണ്ടില്‍ ഹസീന പറയുന്നത് ഇങ്ങനെ....
"സഹോദരീ സഹോദരന്മാരേ, 1975 ഓഗസ്റ്റ് 15ന്, രാഷ്‌ട്ര പിതാവും അന്നത്തെ ബംഗ്ലാദേശ് പ്രസിഡന്‍റുമായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ ക്രൂരമായി കൊല്ലപ്പെട്ടു, ഞാൻ അദ്ദേഹത്തിന് അഗാധമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
പിതാവിനൊപ്പം തനിക്ക് നഷ്‌ടമായത് സഹോദരനടക്കമുള്ള പ്രിയപ്പെട്ടവര്‍
അദ്ദേഹത്തോടൊപ്പം, എന്‍റെ അമ്മ ബീഗം ഫാസിലത്തുൻ നേസ, എന്‍റെ മൂന്ന് സഹോദരന്മാർ-സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റൻ ഷെയ്ഖ് കമാൽ, സ്വാതന്ത്ര്യ സമര സേനാനി ലെഫ്റ്റനന്‍റ് ഷെയ്ഖ് ജമാൽ, ഷെയ്ഖ് കമാൽ, ജമാലിന്‍റെ നവവധുവായ സുൽത്താന കമാൽ, റോസി ജമാൽ എന്നിവരും ദയാരഹിതമായി കൊല്ലപ്പെട്ടു. അന്ന് കേവലം പത്ത് വയസ് മാത്രം പ്രായമുള്ള എന്‍റെ ഇളയ സഹോദരൻ ഷെയ്ഖ് റസലും മരിച്ചു.
എന്‍റെ ഏക അമ്മാവൻ സ്വാതന്ത്ര്യ സമര സേനാനി ഷെയ്ഖ് നാസർ, പ്രസിഡന്‍റിന്‍റെ സൈനിക സെക്രട്ടറി ബ്രിഗേഡിയർ ജനറൽ ജമീൽ ഉദ്ദീൻ അഹമ്മദ്, പൊലീസ് ഉദ്യോഗസ്ഥൻ സിദ്ദിഖുർ റഹ്മാൻ എന്നിവരും കൊല്ലപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനി ഷെയ്ഖ് ഫസുല്‍ ഹഖ് മോനി അദ്ദേഹത്തിന്‍റെ ഗര്‍ഭിണിയായ ഭാര്യ അര്‍സു മോനി, കൃഷി വകുപ്പ് മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ അബ്ദുർ റോബ് സെർനിയാബത്ത്, അദ്ദേഹത്തിന്‍റെ 10 വയസുള്ള മകൻ ആരിഫ്, 13 വയസുള്ള മകൾ ബേബി, നാല് വയസുള്ള ചെറുമകൻ സുകാന്തോ, പത്രപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ഷാഹിദ് സെർനിയാബത്ത്, എന്‍റെ അനന്തരവൻ റെന്‍റു എന്നിവരുടെയും ജീവനുകള്‍ ആ നിർഭാഗ്യകരമായ ദിവസത്തിൽ ക്രൂരവും ദാരുണവുമായി അപഹരിക്കപ്പെട്ടു.
ഓഗസ്റ്റ് 15ന് രക്തസാക്ഷിത്വം വരിച്ച എല്ലാവരുടെയും നിത്യശാന്തിക്കായി ഞാൻ പ്രാർഥിക്കുന്നു. അവരുടെ സ്‌മരണകൾക്ക് ഞാൻ എന്‍റെ അഗാധമായ ആദരവ് അർപ്പിക്കുന്നു." എക്‌സ് ഹാൻഡിൽ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിൽ അവർ പറഞ്ഞു.
ഇക്കുറി രാജ്യത്തെ ആക്രമണങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍
"കഴിഞ്ഞ ജൂലൈ മുതൽ പ്രക്ഷോഭങ്ങളുടെ പേരിലുള്ള അട്ടിമറി, തീവയ്‌പ്പ്, അക്രമങ്ങൾ എന്നിവയില്‍ നമ്മുടെ രാജ്യത്തെ നിരപരാധികളായ നിരവധി പൗരന്മാർക്ക് ജീവൻ നഷ്‌ടപ്പെട്ടു. വിദ്യാർഥികൾ, അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ-ഗർഭിണികൾ മാധ്യമപ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ, തൊഴിലാളികൾ, നേതാക്കൾ, അവാമി ലീഗിന്‍റെ പ്രവർത്തകർ, കാൽനട യാത്രക്കാർ, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർ തീവ്രവാദ ആക്രമണത്തിന് ഇരയാകുകയും അവരുടെ ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു.
തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട വേദനയിൽ ജീവിക്കുന്ന എന്നെപ്പോലുള്ള ആളുകൾ, ഈ ഹീനമായ കൊലപാതകങ്ങൾക്കും അട്ടിമറികൾക്കും ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു.
"1975ൽ ബംഗബന്ധു വസതിയായ ധൻമോണ്ടിയിൽ ഓഗസ്‌റ്റ് 15ന് ഭയാനകമായ കൂട്ടക്കൊല നടന്ന വീട് ബംഗ്ലാദേശിലെ ജനങ്ങൾക്ക് സമർപ്പിച്ചു. അത് ഒരു സ്‌മാരക മ്യൂസിയമാക്കി മാറ്റി. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്‍റെ സ്‌മരണകൾ ഉൾക്കൊള്ളുന്ന ഈ മ്യൂസിയം നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ ആത്മാവിനെ ഉൾക്കൊള്ളുന്ന ഈ വീട്, രാജ്യത്തെ സാധാരണ പൗരന്മാരും സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമുള്ള പ്രമുഖരും സന്ദർശിച്ചിട്ടുണ്ട്," പ്രസ്‌താവനയിൽ അവര്‍ പറയുന്നു.
തന്‍റെ ദുഃഖങ്ങള്‍ മറച്ച് പിടിച്ച് ബംഗ്ലാദേശിലെ ജനതയുടെ മുഖത്ത് ചിരി വിരിയിക്കാന്‍ ശ്രമിച്ചു
"നമ്മുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെടുന്നതിന്‍റെ എല്ലാ വേദനകളും കഷ്‌ടപ്പാടുകളും സഹിച്ചുകൊണ്ട് ഞങ്ങൾ ബംഗ്ലാദേശിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരിക എന്ന ഏക ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഈ ശ്രമങ്ങളുടെ നല്ല ഫലങ്ങൾ പ്രകടമാകാൻ തുടങ്ങി. ലോകത്തിലെ വികസ്വര രാജ്യങ്ങളുടെ ഇടയിൽ ബംഗ്ലദേശ് ഇപ്പോൾ അഭിമാനത്തോടെയാണ് നിലകൊള്ളുന്നത്, അതെല്ലാം ഇന്ന് ചാരമായി മാറിയിരിക്കുന്നു ഇത് രാഷ്ട്രപിതാവായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാനോടുള്ള അഗാധമായ അവഹേളനമാണ്, അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് നാം നമ്മുടെ ആത്മാഭിമാനം, നമ്മുടെ സ്വത്വം, രാജ്യത്തിന്‍റെ സ്വാതന്ത്ര്യം എന്നിവ നാം നേടിയെടുത്തത്. ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തിന് ഇത് വലിയ അപമാനമാണ് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നീതി നല്‍കുക," ഹസീന പറഞ്ഞു.
ഓഗസ്റ്റ് 15ന് ദേശീയ ദുഃഖാചരണം ആദരവോടെ ആചരിക്കാനും ബംഗബന്ധു മെമ്മോറിയൽ മ്യൂസിയത്തിൽ പുഷ്‌പാർച്ചനകളും പ്രാർഥനകളും അർപ്പിക്കാനും പരേതരുടെ ആത്മശാന്തിക്കായി പ്രാർഥിക്കാനും അവർ ബംഗ്ലാദേശിലെ പൗരന്മാരോട് അഭ്യർഥിച്ചു.
Also Read:ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രതിസന്ധി: കാര്യകാരണങ്ങളെക്കുറിച്ച് ഒരു അവലോകനം