ന്യൂഡല്‍ഹി:ഇന്ത്യയും ചൈനയും തമ്മിലുളള അതിർത്തി പ്രശ്‌നം പരിഹരിക്കാൻ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി വഴി കണ്ടത്തേണ്ടതുണ്ട്. മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. രണ്ട് രാജ്യങ്ങളും തമ്മിലുളള അതിർത്തി പ്രശ്‌നത്തെ കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് ടോക്കിയോയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചൈനയും വന്‍ ശക്തികളായതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ മറ്റ് രാജ്യങ്ങൾക്ക് താത്പര്യമുണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ലോകരാജ്യങ്ങളെ സ്വധീനിക്കാന്‍ മാത്രം ശക്തമാണ്. എന്നിരുന്നാലും ഈ പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുളള സഹായങ്ങള്‍ വേണ്ട എന്നാണ് ജയ്‌ശങ്കർ പറഞ്ഞത്.
ഈ മാസം രണ്ടുതവണ ചൈനയുടെ വിദേശകാര്യ മന്ത്രിയെ കണ്ടെന്നും ജയ്‌ശങ്കര്‍ പറഞ്ഞു. 'ഞങ്ങൾ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണിത്. അത് ഞങ്ങൾക്കിടയിൽ പരിഹരിക്കേണ്ടതുണ്ട്... രാജ്യങ്ങൾ തമ്മില്‍ കരാറുകളുണ്ടെങ്കിൽ അത് ഞങ്ങള്‍ പാലിക്കണം' എന്നും ജയ്‌ശങ്കർ കൂട്ടിച്ചേര്‍ത്തു. ടോക്കിയോയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
ക്വാഡ് യോഗം:അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകത, പ്രത്യേകിച്ച് കടൽ സുരക്ഷയെ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനിൽ (UNCLOS) പാസാക്കിയ നിയമങ്ങള്‍ പാലക്കേണ്ടതിന്‍റെ ആവശ്യകത ക്വാഡ് യോഗത്തില്‍ എടുത്ത് പറഞ്ഞു. കിഴക്കൻ, ദക്ഷിണ ചൈന കടലിലെ സ്ഥിതിഗതികളിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാർ ഉത്കണ്‌ഠ പ്രകടിപ്പിക്കുകയും ചെയ്‌തു. ദക്ഷിണ ചൈനയിലെ സൈനികവത്കരണത്തോടും നിലവിലെ സ്ഥിതി ബലപ്രയോഗത്തിലൂടെ മാറ്റാനുളള ശ്രമങ്ങളോടുമുളള ശക്തമായ എതിർപ്പ് യോഗത്തില്‍ രേഖപ്പെടുത്തി.
കോസ്റ്റ് ഗാർഡിൻ്റെയും മാരിടൈം മിലിഷ്യ കപ്പലുകളുടെയും വര്‍ധിച്ചുവരുന്ന ഉപയോഗത്തെ കുറിച്ചുളള ആശങ്ക ക്വാഡ് നേതാക്കള്‍ അറിയിച്ചു. മറ്റ് രാജ്യങ്ങളുടെ ഓഫ്‌ഷോർ റിസോഴ്‌സ് ഉപയോഗത്തെ തടസപ്പെടുത്താനുളള കരുനീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
നാവിഗേഷൻ, ഓവർഫ്ലൈറ്റ് എന്നിവയിലെ സ്വാതന്ത്ര്യം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ക്വാഡ് നേതാക്കൾ ഊന്നിപ്പറഞ്ഞു. സമുദ്രത്തിൻ്റെ വാണിജ്യം അടക്കമുളള എല്ലാ ഉപയോഗങ്ങൾ അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായിരിക്കണം. സമുദ്ര തർക്കങ്ങൾ സമാധാനപരമായും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായും പരിഹരിക്കപ്പെടണം. സമുദ്രങ്ങളിലെയും കടലുകളിലെയും എല്ലാ പ്രവർത്തനങ്ങളും യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ (UNCLOS) ന്‍റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടായിരിക്കണം നടത്തേണ്ടത് എന്നും ക്വാഡ് വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.
ഗാൽവാൻ സംഘര്‍ഷം:2020 ജൂണിൽ പൊട്ടിപ്പുറപ്പെട്ട ഗാൽവാൻ സംഘർഷം ഇന്ത്യ-ചൈന അതിർത്തി തർക്കത്തിലെ ഒരു സുപ്രധാന അധ്യായമാണ്. അതിര്‍ത്തി രേഖയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഗാൽവാൻ താഴ്‌വര. 2020ല്‍ ഇരു സൈന്യങ്ങളും തമ്മില്‍ വലിയ ഏറ്റുമുട്ടലുകളുണ്ടാവുകയും ഇരു രാജ്യങ്ങളും സൈനിക വിന്യാസം കൂട്ടുകയും ചെയ്‌തു.
ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യൻ പട്രോളിങ് തടയാൻ ചൈനീസ് സൈന്യം ശ്രമിച്ചതിനെ തുടർന്ന് 2020 ജൂൺ 15 ന് ഇരു രാജ്യത്തെ സൈനികരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ഏറ്റുമുട്ടലുകളിൽ ഒന്നായിരുന്നു ഇത്. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാന്‍ ഇരു രാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകള്‍ നടത്തി.
ഗാൽവാൻ സംഘര്‍ഷത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍:ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടൽ ഇന്ത്യ-ചൈന ബന്ധത്തെ സാരമായി ബാധിച്ചു. ഇരു രാജ്യങ്ങളും സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും ചെയ്‌തു. തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത് നിര്‍ത്തുകയും സ്വാശ്രയത്വമുണ്ടാക്കുകയും ചെയ്‌തു. സുരക്ഷ മുന്‍നിര്‍ത്തി വിവിധ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു.
പല മേഖലകളിലുമുളള ചൈനീസ് കമ്പനികളുടെ നിക്ഷേപങ്ങൾക്കും ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ അതിര്‍ത്തി തര്‍ക്കം വ്യാപാര ബന്ധങ്ങളെയും ബാധിക്കാന്‍ തുടങ്ങി. തര്‍ക്കം തീര്‍ക്കാനുളള ശ്രമങ്ങള്‍ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കി. ഭാവിയില്‍ സംഘര്‍ഷമുണ്ടാവാനുളള സാധ്യത വര്‍ധിക്കുകയും ചെയ്‌തു.
Also Read:വിഘടനവാദത്തിന് പാലൂട്ടും ഭീകരരെ താലോലിക്കും; ചൈനീസ് കുതന്ത്രത്തിന്‍റെ നാള്‍വഴികള്‍