കീവ് : ക്രിസ്‌മസ് രാവിലും റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്‌ന്‍. യുക്രെയ്‌നിലെ ഒരു താപവൈദ്യുത നിലയം ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് വിവരം. പിന്നാലെ ക്രിസ്‌മസ് രാവില്‍ പ്രദേശത്തെ ജനങ്ങള്‍ മെട്രോ സ്റ്റേഷനുകളില്‍ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരായി എന്നും യുക്രെയ്‌ന്‍ വ്യക്തമാക്കുന്നു.
യുക്രെയ്‌ന്‍റെ ഊര്‍ജ മേഖല ലക്ഷ്യമിട്ട് ഇതിനോടകം റഷ്യ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ 70ലധികം മിസൈലുകളും 100ലധികം ഡ്രോണുകളും അയച്ചതായി യുക്രെയ്‌ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്‌കി എക്‌സില്‍ പറഞ്ഞു. 'ഒരു ആക്രമണത്തിനായി പുടിൻ മനപൂർവം ക്രിസ്‌മസ് തെരഞ്ഞെടുത്തതാണ്. ഇതിലും മനുഷ്യത്വരഹിതമായ മറ്റെന്താണ് ഉള്ളത്?' -സെലെൻസ്‌കി ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു റഷ്യൻ മിസൈൽ മോൾഡോവനും റൊമാനിയൻ വ്യോമാതിർത്തിയും കടന്നതായി യുക്രേനിയൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ വ്യക്തമാക്കി. റഷ്യ തങ്ങളുടെ ഊര്‍ജ മേഖലയെ വന്‍തോതില്‍ ആക്രമിക്കുന്നു എന്ന് യുക്രേനിയന്‍ ഊര്‍ജ മന്ത്രി ഹെര്‍മന്‍ ഹാലുഷ്‌ചെങ്കോയും പ്രതികരിച്ചു. ഫേസ്‌ബുക്കിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. രാജ്യത്തിന് കിഴക്ക് ഖർകിവ്, ഡിനിപ്രോ, പോൾട്ടാവ മേഖലകളിലേക്ക് ഒന്നിലധികം മിസൈലുകൾ തൊടുത്തതായി യുക്രെയ്‌ന്‍ വ്യോമസേന വ്യക്തമാക്കി.
റഷ്യ ബുധനാഴ്‌ച രാവിലെ തങ്ങളുടെ താപ വൈദ്യുത നിലയം തകര്‍ത്തതായി യുക്രെയ്‌നിലെ പ്രധാന സ്വകാര്യ ഊര്‍ജ കമ്പനിയായ ഡിടിഇകെ (DTEK) വ്യക്തമാക്കി. യുക്രേനിയന്‍ പവര്‍ ഗ്രിഡിന് നേരെ ഈ വര്‍ഷം നടക്കുന്ന 13-ാമത്തെ ആക്രമണമാണിത്.
'ക്രിസ്‌മസ് ആഘോഷിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന സമാധാനം ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് വെളിച്ചം നിഷേധിക്കുന്നത് നീചമായ പ്രവര്‍ത്തിയാണ്. ഇതിന് ഉത്തരം നല്‍കിയേ മതിയാകൂ' -DTEK-യുടെ സിഇഒ മാക്‌സിം ടിംചെങ്കോ എക്‌സില്‍ കുറിച്ചു. ആക്രമണത്തെ തുടര്‍ന്ന് തലസ്ഥാനമായ കീവിലെ വിവിധ മേഖലകളില്‍ വൈദ്യുതി മുടങ്ങി.
Also Read: 'യുദ്ധം തകർത്ത സ്ഥലങ്ങളിൽ പ്രത്യാശ പകരാൻ ക്രിസ്‌മസിനാകട്ടെ', വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദേശം