മോസ്കോ: മോസ്‌കോയിലും വിവിധ പ്രദേശങ്ങളിലുമായി യുക്രെയ്ന്‍ നടത്തിയ ഡ്രോണാക്രമണങ്ങള്‍ തടുത്തതായി റഷ്യ. ആക്രമണത്തില്‍ നഗരത്തിനടുത്തുള്ള ഒരു കൽക്കരി വൈദ്യുത നിലയവും നഗരാതിർത്തിക്കുള്ളിലെ ഒരു എണ്ണ ശുദ്ധീകരണ ശാലയും തകർന്നതായി റിപ്പോർട്ടുണ്ട്. 15 മേഖലകളിലായി 158 ഡ്രോണുകൾ യുക്രെയ്‌ന്‍ തൊടുത്തുവിട്ടതായാണ് റഷ്യ അറിയിച്ചത്.
മൂന്ന് ഡ്രോണുകൾ കാശിറ കൽക്കരി പവർ സ്റ്റേഷനെ ലക്ഷ്യം വച്ച് എത്തിയതായി മോസ്കോ മേഖലയിലെ ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാല്‍ നാശനഷ്‌ടങ്ങളോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി ഇപ്പോഴും ശരിയായി പ്രവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കപോത്‌നിയയിലെ മോസ്‌കോ എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായതായി റഷ്യൻ വാർത്ത ഏജൻസികളും റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഇവിടെയും നാശനഷ്‌ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് എന്ന് മേയർ സെർജി സോബിയാനിൻ പറഞ്ഞു.
ബെൽഗൊറോഡിലെ മൂന്ന് റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഗ്ലാസുകള്‍ക്ക് കേടുപാടുകളുണ്ടായതായി ബെൽഗൊറോഡ് മേഖല ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു. യുക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന കുർസ്‌ക്, ബ്രയാൻസ്‌ക്, വൊറോനെഷ്, ബെൽഗൊറോഡ് എന്നീ പ്രദേശങ്ങളിൽ 122 ഡ്രോണുകൾ തകർത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രയാൻസ്‌ക് മേഖലയിലെ വൻ യുഎവി ആക്രമണങ്ങളെ ചെറുക്കുകയാണെന്ന് റീജിയണൽ ഗവർണർ അലക്സാണ്ടർ ബൊഗോമാസ് പറഞ്ഞു.
യുക്രെയ്‌നിലെ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് 200-ല്‍ അധികം ഡ്രോണുകളും മിസൈലുകളും റഷ്യ തൊടുത്തുവിട്ടതിന് പിന്നാലെയാണ് യുക്രെയ്‌നിന്‍റെ പ്രത്യാക്രമണമുണ്ടാകുന്നത്. കിഴക്കൻ യുക്രെയ്‌നിൽ റഷ്യൻ സൈന്യം മുന്നേറ്റം തുടരുന്നതിനിടെ റഷ്യയുടെ കുർസ്‌ക് മേഖലയിൽ യുക്രെയ്‌നും ആക്രമണം നടത്തുന്നുണ്ട്.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ചത് മുതൽ ഇരുകൂട്ടരും ഊർജ നിലയങ്ങളെയാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്‌ച, തെക്കുപടിഞ്ഞാറൻ റഷ്യയിലെ റോസ്‌തോവ് മേഖലയിലും വടക്കൻ കിറോവ് മേഖലയിലും രണ്ട് ഇന്ധന ഡിപ്പോകള്‍ യുക്രെയ്ന്‍ ആക്രമിച്ച് കത്തിച്ചിരുന്നു.
Also Read :മികവില്‍ മുമ്പന്‍, ശബ്‌ദാതിവേഗത്തില്‍ ചീറും പുലി- ആകാശ യുദ്ധത്തിലെ വീരന്‍; എന്നിട്ടും യുക്രെയ്‌നില്‍ എഫ് 16 പോര്‍ വിമാനം തകര്‍ന്നതെങ്ങിനെ