മോസ്‌കോ:യുക്രെയ്‌ന്‍ സൈന്യത്തിന്‍റെ നൂറോളം ഡ്രോണുകൾ കഴിഞ്ഞ രാത്രി വെടിവച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. 2022 ഫെബ്രുവരിയിൽ ആക്രമണം തുടങ്ങിയ ശേഷം റഷ്യൻ ആകാശത്ത് കണ്ട ഏറ്റവും വലിയ ബരേജുകളിൽ ഒന്നിലാണ് യുക്രെയ്‌ന്‍ ഡ്രോണുകൾ തൊടുത്തതെന്ന് റഷ്യൻ വ്യോമസേന അറിയിച്ചു. ഒറ്റ രാത്രി കൊണ്ട് ഏഴ് മേഖലകളിയായി 125 ഡ്രോണുകൾ വെടിവെച്ചിട്ടതായാണ് റിപ്പോർട്ടുകൾ.
ഇതിനെത്തുടർന്ന് വോൾഗോഗ്രാഡിൻ്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് കനത്ത തീപിടുത്തമുണ്ടായി. റഷ്യയിലെ വൊറോനെഷ് മേഖലയിൽ പതിനേഴു ഡ്രോണുകൾ വെടിവച്ചിട്ടു. ഈ മേഖലയിൽ ഒരു അപ്പാർട്മെന്‍റിനും വീടിനും തീപിടിച്ചതായി ഗവർണർ അലക്‌സാണ്ടർ ഗുസെവ് പറഞ്ഞു. ഒരു ബഹുനിലക്കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ ജനാലകളിൽ നിന്ന് തീ ഉയരുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
റഷ്യയിലെ റോസ്തോവ് മേഖലയിൽ 18 ഡ്രോണുകൾ കൂടി വെടിവച്ചിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെ വീണ അവശിഷ്‌ടങ്ങൾ കാട്ടുതീ പടർത്തി. 20 ഹെക്‌ടർ വനം ഇതിനെത്തുടർന്ന് കത്തി നശിച്ചു. ജനവാസമേഖല അല്ലാത്തതിനാൽ ആളപായം ഉണ്ടായിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുൻപ് റഷ്യ സാപൊറീഷ്യയിൽ നടത്തിയ ബോംബ് ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും ആളുകൾക്കും പരിക്കേറ്റിരുന്നു. ആക്രമണം നഗരത്തിൻ്റെ ഗതാഗത ബന്ധങ്ങളെ തകർത്തതായി യുക്രെയ്‌നിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി എക്‌സിലെ ഒരു പോസ്‌റ്റിൽ പറഞ്ഞു. അതേസമയം സാപൊറീഷ്യ ആണവനിലയ മേഖലയിൽ റഷ്യൻ സൈന്യം ആക്രമണ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുന്നതായി യുക്രെയ്‌ന്‍ സൈന്യം മുന്നറിയിപ്പ് നൽകി. യുക്രെയിന്‍റെ ദക്ഷിണ സൈനിക കമാൻഡിൻ്റെ വക്താവ് വ്ലാഡിസ്ലാവ് വോലോഷിൻ ആണ് മുന്നറിയിപ്പ് നൽകിയത് .
22 റഷ്യൻ ഡ്രോണുകൾ ഒറ്റരാത്രി കൊണ്ട് രാജ്യത്തിന് മുകളിൽ വിക്ഷേപിച്ചതായും യുക്രെയ്‌ന്‍ വ്യോമസേന അറിയിച്ചു. സുമി, വിന്നിറ്റ്സിയ, മൈകോലൈവ്, ഒഡെസ മേഖലകളിൽ 15 ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയതായും അഞ്ചെണ്ണം ഇലക്ട്രോണിക് പ്രതിരോധം ഉപയോഗിച്ച് നശിപ്പിച്ചതായും ഇവർ പറഞ്ഞു. അതേസമയം 2022 ഫെബ്രുവരിയിൽ തുടങ്ങിയ റഷ്യ യുക്രെയ്‌ന്‍ ആക്രമണം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.
Also Read:റഷ്യ-യുക്രെയ്‌ൻ സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്‌ക്ക് തയ്യാറെന്ന സൂചന നല്‍കി ഇന്ത്യ; യുഎൻ വേദിയില്‍ മോദി സെലൻസ്‌കി നിര്‍ണായക കൂടിക്കാഴ്‌ച