മോസ്കോ:റഷ്യൻ തലസ്ഥാനമായ മോസ്‌കോയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പട്ടവരുടെ എണ്ണം 137 ആയി ഉയര്‍ന്നു. സംഗീത പരിപാടിക്കിടെ മുഖംമൂടി ധരിച്ചെത്തിയ അക്രമികളായിരുന്നു ആക്രമണം നടത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം.
അതേസമയം, ഭീകരസംഘടനയായ ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തില്‍ പ്രതികളായ നാല് പേര്‍ക്കെതിരെ മോസ്‌കോയിലെ കോടതി തീവ്രവാദ കുറ്റം ചുമത്തി. ദലേർഡ്‌ജോൺ മിർസോയേവ്, സൈദാക്രമി റച്ചബാലിസോഡ, ഷംസിദിൻ ഫരീദുനി, മുഹമ്മദ്‌സോബിർ ഫൈസോവ് എന്നിവര്‍ക്കെതിരെയാണ് നടപടി. കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയ പ്രതികളില്‍ മൂന്ന് പേര്‍ കുറ്റസമ്മതം നടത്തിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
പ്രതികള്‍ നാല് പേരും താജികിസ്ഥാൻ പൗരന്മാരാണ്. ഇവരെ മെയ് 22 വരെ കസ്റ്റഡിയില്‍ വിടാൻ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിയില്‍ നിന്നുള്ള പ്രതികളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഇവര്‍ക്ക് മര്‍ദനമേറ്റതായി കാണാൻ സാധിക്കും.
ചോദ്യം ചെയ്യലിനിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതികളെ മര്‍ദിച്ചിരുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മിർസോയേവ്, റച്ചബാലിസോഡ, ഫരീദുനി എന്നിവരുടെ മുഖം വീര്‍ത്ത് കനത്ത മുറിവുകളും പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം. റാച്ചബാലിസോഡയുടെ ചെവി ബാൻഡേജ് ചെയ്‌ത നിലയിലാണ് ഉണ്ടായിരുന്നത്. ചോദ്യം ചെയ്യലിനിടെ പ്രതിയെന്ന് സംശയിക്കുന്നവരിൽ ഒരാളുടെ ചെവി മുറിച്ചതായി റഷ്യൻ മാധ്യമങ്ങൾ ശനിയാഴ്‌ച റിപ്പോർട്ട് ചെയ്‌തിരുന്നു.
വെള്ളിയാഴ്‌ച ആക്രമണം നടന്നതിന് പിന്നാലെ ശനിയാഴ്‌ചയോടെയാണ് പ്രതികളായ നാല് പേരും പിടിയിലാകുന്നത്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേര്‍ കൂടി കസ്റ്റഡിയിലാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുക്രൈനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, റഷ്യൻ പ്രസിഡന്‍റിന്‍റെ വാദം തള്ളുന്ന നിലപാടാണ് ഇക്കാര്യത്തില്‍ യുക്രൈൻ അധികൃതര്‍ സ്വീകരിച്ചത്.
ALSO READ :ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രെയ്‌നിന്, ഗുരുതര പ്രത്യാക്രമണങ്ങൾ നേരിടേണ്ടിവരും; വ്‌ളാഡിമിർ പുടിൻ - Moscow Blast