ന്യൂയോർക്ക് : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്‍റെ സ്‌മരണയ്ക്കായി ഇത്തവണ മാൻഹട്ടനില്‍ സംഘടിപ്പിക്കുന്ന 'ഇന്ത്യാദിന' പരേഡില്‍ ഹൈലൈറ്റ് അയോധ്യ രാമക്ഷേത്രത്തിന്‍റെ ടാബ്ലോ. 18 അടി നീളവും 9 അടി വീതിയും 8 അടി ഉയരവുമുള്ള ടാബ്ലോ ആണ് നിര്‍മിച്ചിരിക്കുന്നത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ സംഘടിപ്പിച്ച കർട്ടൻ-റൈസർ പരിപാടിയിൽ, പ്രമുഖ പ്രവാസി സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് NY-NJ-CT-NE (FIA) 42-ആമത് ഇന്ത്യാദിന പരേഡ് നടത്തുന്നതായി അറിയിച്ചു. ഓഗസ്റ്റ് 18 ന് ആണ് ചടങ്ങ് നടക്കുക.
ന്യൂയോർക്ക് നഗരത്തിലെ പ്രശസ്‌തമായ മാഡിസൺ അവന്യൂവിലൂടെ കടന്നുപോകുന്ന പരേഡിൽ ഇന്ത്യൻ ടെലിവിഷന്‍ താരം പങ്കജ് ത്രിപാഠി അതിഥിയായിരിക്കുമെന്നും എഫ്ഐഎ അറിയിച്ചു. പരേഡിന്‍റെ കേന്ദ്ര ബിന്ദുവായ രാം മന്ദിർ ഫ്ലോട്ടിന്‍റെ രൂപകൽപ്പനയും നിർമാണവും ചിത്രീകരിച്ച വീഡിയോയും തിങ്കളാഴ്‌ച കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ പ്രദർശിപ്പിച്ചു.
ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ), ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്‌ത (ബിഎപിഎസ്), സിദ്ധിവിനായക് ക്ഷേത്രം എന്നിവയുടെ പ്രതിനിധികൾ ചേർന്ന് രാം മന്ദിർ ഫ്ലോട്ടിന്‍റെ ചെറിയ പകർപ്പ് അനാച്ഛാദനം ചെയ്‌തു.