കേരളം

kerala

ETV Bharat / international

ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാന്‍ അമേരിക്കന്‍ സര്‍വകലാശാലകളെ ക്ഷണിച്ച് പ്രധാനമന്ത്രി - MODI INVITES US UNIVERSITIES

വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും ജീവനക്കാരുടെയും കഴിവുകള്‍ ഇരുരാജ്യങ്ങളിലേക്കും പരസ്‌പരം എത്തിച്ചേരുന്നത് ഏറെ ഗുണകരമാകുമെന്നും മോദിയും ട്രംപും. കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകരിച്ചത്.

EDUCATION  INSTITUTIONS  PM MODI  donald trump
Prime Minister Narendra Modi with the President of the USA Donald Trump at the Joint Press Conference at the White House in Washington, DC, on Friday, February 14, 2025 (IANS)

By ETV Bharat Kerala Team

Published : Feb 14, 2025, 9:02 PM IST

വാഷിങ്ടണ്‍: ഉന്നത വിദ്യാഭ്യാസരംഗത്തും പരസ്‌പര സഹകരണം ഊട്ടിയുറപ്പിക്കാനുറച്ച് ഇന്ത്യയും അമേരിക്കയും. ഇത് വഴി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശേക്ക് പഠനത്തിനായി ചേക്കേറാനും പുത്തന്‍ അവസരങ്ങള്‍ തേടാനുമാകും. ഒപ്പം അമേരിക്കയിലെ മുന്‍നിര സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കോളജുകള്‍ തുടങ്ങാനുള്ള അവസരവും ലഭിക്കും. കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാനുള്ള ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാകാനും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ മോദിയുടെ ക്ഷണം കേരളത്തിനും പ്രയോജനകരമാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇരുരാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും ഗവേഷകരും ജീവനക്കാരും അങ്ങോട്ടുമിങ്ങോട്ടുമെത്തുന്നത് ഏറെ ഗുണകരമാകുമെന്നും മോദിയും ട്രംപും വിലയിരുത്തി. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പച്ചക്കൊടി കാട്ടിയുള്ളതും വിദേശത്ത് നിന്നുള്ള സര്‍വകലാശാലകളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കും.

അമേരിക്കയില്‍ 2023-24 വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 3,31,602 ആണ്. 2022-23 വര്‍ഷത്തെ അപേക്ഷിച്ച് 23ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളതെന്നും അടുത്തിടെ പുറത്ത് വന്ന ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് പറയുന്നു. 2022-23ല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,68,923 ആയിരുന്നു.

ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ പരസ്‌പരം ബന്ധമുണ്ടാകേണ്ടതിന്‍റെ ആവശ്യകതയും ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. മൂന്ന് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് പ്രതിവര്‍ഷം 800 കോടി അമേരിക്കന്‍ ഡോളര്‍ സംഭാവന നല്‍കുന്നുണ്ടെന്നും ഇരുവരുടെയും സംയുക്ത വാര്‍ത്തക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വഴി നിരവധി പ്രത്യക്ഷ -പരോക്ഷ തൊഴിലുകളും സൃഷ്‌ടിക്കപ്പെടുന്നുമുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രാജ്യാവന്തര അക്കാദമിക സഹകരണത്തിലൂടെ നൂതനതയും പഠന മികവും വികസിപ്പിക്കാനും ഭാവിയിലേക്കുള്ള തൊഴില്‍ സേനയെ രൂപപ്പെടുത്താനുമാകും. യോജിച്ചുള്ളതും ഇരട്ടബിരുദ കോഴ്‌സുകളിലൂടെയും ദ്വിപരിപാടികളിലൂടെയും മറ്റും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം ശക്തിപ്പെടുത്താനും ഇരുനേതാക്കളും തീരുമാനിച്ചു.

മികവിന്‍റെ സംയുക്ത കേന്ദ്രങ്ങളുടെ സ്ഥാപനം, അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാഖകള്‍ ഇന്ത്യയില്‍ സ്ഥാപിക്കല്‍, എന്നിവയുണ്ടാകും.

ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്താന്‍ അമേരിക്കയിലെ ഇന്ത്യന്‍ സംഘം സുപ്രധാനമാണെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ മോദി ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങള്‍ തമ്മിലുള്ള പരസ്‌പര ബന്ധം മെച്ചപ്പെടുത്താന്‍ ഉടന്‍ തന്നെ ലോസ് ഏഞ്ചല്‍സിലും ബോസ്റ്റണിലും പുതിയ ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ പഠിക്കുന്നത്. ചൈനയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 3,30,365 ചൈനീസ് വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലുള്ളത്. ഇന്ത്യയിലെയും ചൈനയിലെയും വിദ്യാര്‍ത്ഥികള്‍ മൂലം ഏഷ്യന്‍ വംശജര്‍ ഏറെ ഉള്ള ഇടമായി അമേരിക്ക മാറിയിരിക്കുന്നു.

ഇന്ത്യ കഴിഞ്ഞ വര്‍ഷം വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് കാമ്പസുകള്‍ തുടങ്ങാനുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. നേരത്തെ തന്നെ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ വിദേശ സര്‍വകലാശാലകള്‍ക്കായി വാതിലുകള്‍ തുറന്ന് നല്‍കിയിരുന്നു.

ഇതിനിടെ ബ്രിട്ടനിലെ സതാംപ്‌ടണ്‍ സര്‍വകലാശാല രാജ്യത്ത് ഇക്കൊല്ലം തന്നെ കാമ്പസ് തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ സര്‍വകലാശാലകളായ ഡീക്കണ്‍, വൂളോങ്ഗോങ് സര്‍വകലാശാലകള്‍ ഇതിനകം തന്നെ ഗുജറാത്തിലെ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സിറ്റി(ഗിഫ്റ്റ് സിറ്റി)യില്‍ കാമ്പസുകള്‍ തുടങ്ങിയിട്ടുണ്ട്. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയും കവന്‍ട്രി സര്‍വകലാശാലയും ഇതിനകം തന്നെ ഗിഫ്റ്റ് സിറ്റിയില്‍ കാമ്പസുകള്‍ തുടങ്ങാന്‍ അനുമതി നേടിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ സര്‍വകലാശാലകളൊന്നും ഇതുവരെ ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല.

Also Read:സ്വകാര്യ സർവ്വകലാശാലയെ പിന്തുണച്ച് സിപിഐ; കേരളത്തിന് മാറി നിൽക്കാൻ കഴിയില്ലെന്ന് ബിനോയ്‌ വിശ്വം

ABOUT THE AUTHOR

...view details