വാഷിങ്ടണ്‍ :മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിനെ എഫ്‌ബിഐ തലവനായി നിയമിക്കുന്നതിനുള്ള കമ്മിഷനിൽ ഒപ്പ് വച്ച് ഡൊണാള്‍ഡ് ട്രംപ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ ഒമ്പതാമത്തെ ഡയറക്‌ടർ എന്ന തലക്കെട്ടോടെ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിൻ്റെ എക്‌സ് പേജിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇതോടോപ്പം 'ന്യായമായും പക്ഷപാതമില്ലാതെയും നീതി നടപ്പിലാക്കുക എന്ന പ്രധാന ദൗത്യത്തിൽ എഫ്‌ബിഐ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും' വൈറ്റ് ഹൗസിൻ്റെ എക്‌സ് പേജിൽ പറയുന്നു.
അതേസമയം സ്ഥിരീകരണത്തിന് പിന്നാലെ നന്ദി അറിയിച്ച് കാഷ് പട്ടേലും എക്‌സിൽ പോസ്റ്റ് ഷെയർ ചെയ്‌തിട്ടുണ്ട്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും അറ്റോർണി ജനറൽ പാമിനും നന്ദി എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. 51-49 എന്ന ഭൂരിപക്ഷത്തിലാണ് കാഷ് പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ എഫ്‌ബിഐ തലവനായി നാമനിര്‍ദേശം ചെയ്‌തിരുന്നു. ട്രംപിൻ്റെ വിശ്വസ്‌തരില്‍ ഒരാളാണ് 44 കാരനായ കാഷ് പട്ടേല്‍.