റോം:പെസഹ വ്യാഴത്തിന്‍റെ പ്രധാന ചടങ്ങായ കാല്‍കഴുകിയ്ക്കല്‍ വ്യത്യസ്‌തമാക്കി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. ജയില്‍വാസികളായ 12 സ്‌ത്രീകളെയാണ് ഇക്കുറി പോപ്പ് കാല്‍കഴുകിക്കാന്‍ തെരഞ്ഞെടുത്തത്. വീല്‍ചെയറിലെത്തിയ 87 കാരനായ പോപ്പ് റോമിലെ ജയില്‍വാസികളായ സ്‌ത്രീകളെ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഇരുത്തിയാണ് കാല്‍ കഴുകിച്ച് തുവര്‍ത്തിയ ശേഷം ചുംബനം നല്‍കിയത്.
പോപ്പ് തങ്ങളുടെ കാല്‍ കഴുകിയപ്പോള്‍ മിക്ക സ്‌ത്രീകളും വികാര നിര്‍ഭരരായി. പലരും വിങ്ങിപ്പൊട്ടി. പോപ്പിന് വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ അല്‍പ്പം ഉയരത്തിലായാണ് അവര്‍ക്കുള്ള ഇരിപ്പിടം തയാറാക്കിയത്. നഗ്ന പാദങ്ങളിലേക്ക് ജലം പകര്‍ന്ന ശേഷം ചെറിയ തൂവാല ഉപയോഗിച്ച് തുടയ്ക്കുകയും ഓരോ പാദങ്ങളിലും മൃദുവായി ചുംബിക്കുകയും ചെയ്‌തു. ഇടയ്ക്കിടെ സ്‌ത്രീകളെ നോക്കി അദ്ദേഹം പുഞ്ചിരി പൊഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എല്ലാ വിശുദ്ധ വാരത്തിന്‍റെയും അവസാനം ഉണ്ടാകാറുള്ള ചടങ്ങാണിത്. യേശുദേവന്‍ തന്‍റെ അന്ത്യ അത്താഴ ദിവസം ശിഷ്യരുടെ കാല്‍ കഴുകിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇതിലൂടെ നടത്തുന്നത്.
പോപ്പായി അവരോധിക്കപ്പെട്ട 2013 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാല്‍കഴുകള്‍ ശുശ്രൂഷയില്‍ സ്‌ത്രീകളെയും വിവിധ മതസ്ഥരെയും ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെയുള്ളയുള്ള പോപ്പുമാര്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട പുരുഷന്‍മാരെ മാത്രം ഉള്‍പ്പെടുത്തി സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വച്ച് മാത്രമാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയിരുന്നത്.
എല്ലാ വര്‍ഷവും പോപ്പ് ജയിലുകളും അഭയാര്‍ത്ഥി ക്യാമ്പുകളും സന്ദര്‍ശിക്കാറുണ്ട്. പാര്‍ശ്വവത്കൃത ജനതയിലേക്ക് ഒരു പോപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന അടിയുറച്ച വിശ്വസമാണ് ഇത്തരം നടപടികളിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്.