മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അപ്രതീക്ഷിത രാജിയോടെ ബംഗ്ലാദേശിലെ ഒന്നരപതിറ്റാണ്ടത്തെ സുസ്ഥിര ഭരണകൂടം അകാലത്തില്‍ അവസാനിക്കുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് മുമ്പത്തെ ചരിത്രം ആവര്‍ത്തിക്കപ്പെട്ടു. 1975 ഓഗസ്‌റ്റ് പതിനഞ്ചിന് സ്വതന്ത്ര ബംഗ്ലാദേശിന്‍റെ ആദ്യ പ്രസിഡന്‍റ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാനും അദ്ദേഹത്തിന്‍റെ കുടുംബവും സൈന്യത്തിന്‍റെ അട്ടിമറിയിലൂടെ അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ ഇപ്പോള്‍ അവസാനിച്ച ഭരണത്തോടെ, രക്തരൂക്ഷിത സംഘര്‍ഷങ്ങളുടെ ഫലമായി രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്ന ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ബംഗ്ലാദേശും ചെന്ന് എത്തിയിരിക്കുന്നു.
1971ലെ വിമോചന യുദ്ധത്തില്‍ പങ്കെടുത്തവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുപ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് അവാമി ലീഗിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വീഴ്‌ത്തിയത്. ഇതിന് പുറമെ അമേരിക്ക, ചൈന, തുടങ്ങിയ രാജ്യങ്ങളുടെ പ്രാദേശിക മേല്‍ക്കോയ്‌മയ്ക്ക് വേണ്ടിയുള്ള രാഷ്‌ട്രീയ കിടമത്സരങ്ങളും തീവ്രവാദ ഘടകങ്ങളോടുള്ള പാകിസ്ഥാന്‍റെ നിശബ്‌ദ പിന്തുണയും സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. എങ്കിലും വിദ്യാര്‍ത്ഥി പ്രക്ഷോഭം തന്നെയാണ് ഹസീന സര്‍ക്കാരിന്‍റെ വീഴ്‌ചയ്ക്ക് പെട്ടെന്നുണ്ടായ കാരണം. ഇതിന് പുറമെ നിന്നുള്ള ഘടകങ്ങളും ആക്കം കൂട്ടി. ദുര്‍ബലമായ ജനാധിപത്യവും ഇസ്‌ലാമിക ശക്തികള്‍ക്കുണ്ടായ പുത്തനുണര്‍വും ബംഗ്ലാദേശിന്‍റെ രാഷ്‌ട്രീയ ഭൂമികയ്ക്ക് പുതു രൂപം പകര്‍ന്നു. ഇവ പരിശോധിക്കപ്പെടേണ്ടതുണ്ട്.
ബംഗ്ലാദേശിലെ ജനാധിപത്യ പരീക്ഷണങ്ങള്‍ പല വെല്ലുവിളികളോടും പടവെട്ടിയാണ് മുന്നോട്ട് പോയത്. എന്നാല്‍ വിജയം പരിമിതമായിരുന്നു. രാജ്യത്തിന്‍റെ അടിസ്ഥാന പ്രത്യയശാസ്‌ത്രങ്ങളായ ദേശീയത, ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നിവ നിരന്തരം തടസങ്ങള്‍ നേരിട്ടു. രാജ്യത്തെ ജനാധിപത്യത്തിന്‍റെ പരിമിതമായ വിജയത്തിന് പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ട് കാരണങ്ങള്‍ ഉണ്ട്. അവാമി ലീഗിന്‍റെ നേതൃത്വത്തിലുള്ള പൂര്‍ണമായും ജനാധിപത്യ മൂല്യങ്ങളിലൂന്നിയ രാഷ്‌ട്രീയ വാഴ്‌ചയാണ് അതിലൊന്ന്. 1975ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ വധത്തിനും 2024ല്‍ ഷെയ്ഖ് ഹസീനയുടെ കസേര നഷ്‌ടപ്പെടലിനും ഇടയാക്കിയത് ഏകാധിപത്യ നിലപാടുകളാണ്. പ്രതിപക്ഷത്തിന് ഇവിടെ അല്‍പ്പം പോലും ഇടമുണ്ടായിരുന്നേയില്ല. ഇത് ദുര്‍ബലമായൊരു രാഷ്‌ട്രീയ പരിസ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. പ്രതിപക്ഷമില്ലായ്‌മ, അഴിമതി, ഏകാധിപത്യ തീരുമാനങ്ങള്‍ എന്നിവ ബംഗ്ലാദേശിന്‍റെ സ്വാതന്ത്രാനന്തരമുള്ള ആദ്യഘട്ടത്തിലും ഹസീനയുടെ ഒന്നരപതിറ്റാണ്ട് നീണ്ട ഭരണകാലത്തും നമുക്ക് ദര്‍ശിക്കാനാകും. ഇതാണ് അത്യന്തികമായി അവരുടെ നിയമപരമായ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കിയതും.
ബംഗ്ലാദേശിന്‍റെ രാഷ്‌ട്രീയ ചരിത്രത്തില്‍ 2009 ജനുവരി മുതല്‍ 2024 ഓഗസ്‌റ്റ് വരെയുള്ള ഷെയ്ഖ് ഹസീനയുടെ രണ്ടാം ഭരണകാലഘട്ടം അതിപ്രാധാന്യമാണ് ഉള്ളത്. വര്‍ഷങ്ങള്‍ നീണ്ട അസ്ഥിരതയ്ക്കും സൈനിക പിന്തുണയുള്ള കെയര്‍ടേക്കര്‍ സര്‍ക്കാരിനും ശേഷം ഷെയ്ഖ് ഹസീന നയിച്ച മഹാസഖ്യം വന്‍ ഭൂരിപക്ഷത്തോടെ 2008 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും 2009ല്‍ അധികാരത്തിലെത്തുകയുമായിരുന്നു. ബംഗ്ലാദേശ് ജനതയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുടെയും പ്രതിഫലനമായിരുന്നു 2008ലെ തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് നേടിയ വന്‍ ഭൂരിപക്ഷം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, തൊഴില്‍ സൃഷ്‌ടിക്കല്‍, സുസ്ഥിരത ഉറപ്പാക്കല്‍ എന്നിവയില്‍ ഈ സര്‍ക്കാരിന് ബഹുദൂരം മുന്നോട്ട് പോകാനായെങ്കിലും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പങ്കാളിത്ത ജനാധിപത്യ സംവിധാനം കൊണ്ടുവരുന്നതില്‍ ഹസീന പരാജയപ്പെട്ടു. തുടര്‍ന്നു വന്ന 2014, 2018. 2024 പൊതു തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ ബഹിഷ്‌ക്കരണത്തിലേക്ക് വരെ ഇത് കൊണ്ടെത്തിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയകളെ അക്രമത്തിലൂടെയും അട്ടിമറികളിലൂടെയും ഭംഗം വരുത്തി ബംഗ്ലാദേശിലെ ജനാധിപത്യത്തെ അധഃപതിപ്പിച്ചു എന്നാണ് വിമര്‍ശകരുടെ പക്ഷം. ഇതിനെല്ലാം ഉപരി ജനാധിപത്യ മൂല്യങ്ങളായ പ്രാതിനിധ്യം, അവകാശങ്ങള്‍, നിയമവാഴ്‌ച എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലുണ്ടായ വീഴ്‌ച രാജ്യത്തെ സാമ്പത്തിക മുന്നേറ്റത്തില്‍ ഹസീന നല്‍കിയ സംഭാവനകള്‍ പൊതുജന കാഴ്‌ചപ്പാടില്‍ നിഷ്പ്രഭമായി. ഏതൊരു ജനാധിപത്യത്തിലും ഒരു സുരക്ഷാവലയായി വര്‍ത്തിക്കുന്ന ശക്തമായ പ്രതിപക്ഷത്തിന്‍റെ അഭാവം പ്രതിപക്ഷത്തിന്‍റെയും ഇസ്‌ലാമിക തീവ്രവാദികളുടെയും പൊതുസമൂഹത്തിന്‍റെയും സാധാരണക്കാരുടെയും എല്ലാം പിന്തുണ നേടിയ ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ വീണ് പോകാന്‍ മാത്രം അവാമി ലീഗിനെ ദുര്‍ബലമാക്കി.