കീവ് :യുക്രെയ്‌ൻ സന്ദർശന വേളയിൽ ഹിന്ദി പഠിക്കുന്ന വിദ്യാർഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ പരസ്‌പര ധാരണ വളർത്തുന്നതിൽ അവർക്കുള്ള പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറയുകയും അവരെ അഭിനന്ദിക്കുകയും ചെയ്‌തു. കീവിലെ സ്‌കൂൾ ഓഫ് ഓറിയന്‍റൽ സ്‌റ്റഡീസിൽ ഹിന്ദി ഭാഷ പഠിക്കുന്ന യുക്രേനിയൻ വിദ്യാർഥികളുമായി പ്രധാനമന്ത്രി നരേന്ദ്രേ മോദി വെള്ളിയാഴ്‌ച (ഓഗസ്‌റ്റ് 23) ആശയവിനിമയം നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
വിദ്യാർഥികളുടെ സ്കോളർഷിപ്പിനെയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ പരസ്‌പര ധാരണ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ സംഭാവനയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യൻ സംസ്‌കാരവും ചരിത്രവുമായി യുക്രേനിയൻ ജനതയെ അടുപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു, എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
"ഞങ്ങൾ വളരെയധികം സന്തോഷത്തിലും ആവേശത്തിലുമാണ്. പ്രധാനമന്ത്രിയെ കാണുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഈ കൂടിക്കാഴ്‌ചയ്ക്ക് ശേഷം എല്ലാം ശരിയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" എന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം യുക്രേനിയൻ വിദ്യാർഥികളിൽ ഒരാൾ പ്രതികരിച്ചു.
"ഇത് യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങാണ്, ഈ കൂടിക്കാഴ്‌ചയ്ക്ക് ശേഷം, ഇന്ത്യയും യുക്രെയ്‌നും തമ്മിൽ നല്ല ബന്ധമുണ്ടെന്ന് തെളിയിക്കപ്പെടും. കൂടാതെ ഭാവിയിലും അത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മാത്രമല്ല ഭാവിയിൽ ഹിന്ദി ഭാഷ പഠിക്കുന്ന കൂടുതൽ ആളുകൾ ഇവിടെയുണ്ടാകും" എന്ന് മറ്റൊരു വിദ്യാർഥി പറഞ്ഞു.