ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്‌തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തി. ഞായറാഴ്‌ച (പ്രാദേശിക സമയം) ന്യൂയോർക്കിലെ പാലസ് ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. ഗാസയിലെ സാഹചര്യത്തിൽ അഗാധമായ ഉത്കണ്‌ഠ പ്രധാനമന്ത്രി രേഖപ്പെടുത്തുകയും ചെയ്‌തു.
പലസ്‌തീനുളള ഇന്ത്യയുടെ പിന്തുണ തുടരുമെന്ന ഉറപ്പും പ്രധാനമന്ത്രി പലസ്‌തീന്‍ പ്രസിഡന്‍റിന് നല്‍കി. ഇസ്രയേൽ-പലസ്‌തീൻ പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ വളരെക്കാലമായി ശ്രമിക്കുന്നു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ ആദ്യമായി അപലപിച്ച നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി മോദി.
അതേസമയം ഗാസയിലെ മനുഷ്യത്വ രഹിതമായ സാഹചര്യത്തില്‍ ഇന്ത്യ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഗാസയിലേക്ക് ഇന്ത്യ മാനുഷിക സഹായം അയച്ചു. പലസ്‌തീൻ അഭയാർഥികൾക്കായി യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസിയ്ക്ക് ഇന്ത്യ 2.5 മില്യൺ ഡോളറിൻ്റെ ആദ്യ ഗഡുവാണ് ഈ വര്‍ഷം ജൂലൈയിൽ നൽകിയത്.
ഈ കൂടിക്കാഴ്‌ചയ്ക്ക് മുന്നോടിയായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായും പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധങ്ങളുടെ അവലോകനം നടത്തുകയും ചെയ്‌തു.
നേപ്പാൾ പ്രധാനമന്ത്രി ഒലിയുമായും നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യ-നേപ്പാള്‍ പങ്കാളിത്തത്തിൻ്റെ എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിന് പരസ്‌പര താത്‌പര്യമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി മോദി ചർച്ച ചെയ്‌തു. ന്യൂയോർക്കിലെയും യുഎസ്എയിലെയും മുൻനിര സാങ്കേതിക നേതാക്കളുമായും സിഇഒമാരുമായും ഇന്ത്യന്‍ പ്രധാനമന്ത്രി മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) സ്‌കൂൾ ഓഫ് എഞ്ചിനിയറിങില്‍ വട്ടമേശ സമ്മേളനം നടത്തി.