മോസ്‌കോ (റഷ്യ):പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെന്‍ ആൻഡ്രൂ ദി അപ്പോസ്‌തലൻ’ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ മികച്ച സേവനങ്ങൾ നൽകിയതിനാണ് പ്രധാനമന്ത്രിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഔദ്യോഗികമായി സമ്മാനിച്ചത്.
"ഓർഡർ ഓഫ് സെന്‍റ് ആൻഡ്രൂ ദി അപ്പോസ്‌തലൻ സ്വീകരിക്കുന്നതിൽ അഭിമാനമുണ്ട്. ഞാൻ ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു," എന്ന് അവാർഡ് ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി എക്‌സിൽ പറഞ്ഞു. റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രത്യേക പദവിയുള്ള തന്ത്രപരമായ പങ്കാളിത്തവും റഷ്യൻ-ഇന്ത്യൻ ജനതയും തമ്മിലുള്ള സൗഹൃദ ബന്ധവും വികസിപ്പിക്കുന്നതിലെ മികച്ച സേവനങ്ങൾക്കാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അവാർഡ് ലഭിച്ചത്.
യേശുവിന്‍റെ ആദ്യ അപ്പോസ്‌തലനും റഷ്യയുടെ രക്ഷാധികാരിയുമായ വിശുദ്ധ ആൻഡ്രൂവിന്‍റെ ബഹുമാനാർഥം 1698-ൽ സാർ പീറ്റർ ദി ഗ്രേറ്റ് ഏര്‍പ്പെടുത്തിയ റഷ്യയുടെ ഏറ്റവും ഉയർന്ന സംസ്ഥാന ബഹുമതിയാണ് ഓർഡർ ഓഫ് സെന്‍റ് ആൻഡ്രൂ ദി അപ്പോസ്‌കതലൻ. റഷ്യയുടെ സമൃദ്ധിക്കും മഹത്വത്തിനും സംഭാവന നൽകുന്ന അസാധാരണമായ സേവനങ്ങൾക്കായി പ്രമുഖ ഗവൺമെന്‍റ്, പൊതു വ്യക്തികൾ, സൈനിക നേതാക്കൾ, ശാസ്‌ത്രം, സംസ്‌കാരം, കല, സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലെ മികച്ച പ്രതിനിധികൾ എന്നിവർക്ക് ഓർഡർ ഓഫ് സെന്‍റ് ആൻഡ്രൂ ദി ഫസ്‌റ്റ്-കോൾഡ് നൽകപ്പെടുന്നു.