ഇസ്‌ലാമാബാദ്: ഒരു വിദേശ രാജ്യവും തന്നെ മോചിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ആരുമായും ഒരു കരാറും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതായി സഹോദരി. തോഷഖാന 2.0 കേസിന്‍റെ വാദം കേട്ടതിന് ശേഷം റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്‍റെ സഹോദരി അലീമ ഖാൻ ഇക്കാര്യം പറഞ്ഞത്.
കേസുകൾ നേരിടുമ്പോൾ താൻ എന്തിനാണ് മറ്റ് ഇടപാട് നടത്തുന്നതെന്ന് ഖാൻ ചോദിച്ചതായി അലീമ പറഞ്ഞു. താൻ ജയിൽവാസം അനുഭവിക്കുകയാണെന്നും അവ അവസാനിക്കുന്ന ഘട്ടത്തില്‍ യാതൊരു ഇടപാടുകളും നടത്തുന്നില്ലെന്നും ഖാൻ പറഞ്ഞതായും സഹോദരി കൂട്ടിച്ചേർത്തു.
വിവിധ രാഷ്‌ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സംഘം സർക്കാരുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്‌താവന. എല്ലാ രാഷ്‌ട്രീയ തടവുകാരെയും മോചിപ്പിക്കുക, 2023 മെയ് 9 നും ഈ വർഷം നവംബർ 26 നും നടന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മീഷൻ രൂപീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങൾ ചർച്ചാ സംഘം ഉന്നയിക്കുമെന്ന് അലീമ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇരുപക്ഷവും തമ്മിലുള്ള അടുത്ത ഘട്ട ചർച്ച ജനുവരി 2 ന് രാവിലെ 11 മണിക്ക് ദേശീയ അസംബ്ലി സ്‌പീക്കർ അയാസ് സാദിഖിന്‍റെ ഓഫിസിൽ നടക്കും.
അതേസമയം, ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നിയുക്ത ഉപദേഷ്‌ടാവ് റിച്ചാർഡ് ഗ്രെനെൽ കഴിഞ്ഞ ആഴ്‌ച ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പ്രതികരിച്ചിരുന്നു. യുഎസ് അധികൃതരുമായി തങ്ങൾ ചർച്ചകൾ തുടരുമെന്നാണ് അവര്‍ പറഞ്ഞത്.
അതിനിടെ, അഡിയാല ജയിലിൽ നിന്ന് ബനി ഗാലയിലെ തന്‍റെ വസതിയിൽ വീട്ടുതടങ്കലിലേക്ക് മാറ്റാമെന്നൊരു ഡീല്‍ തനിക്ക് മുന്നിലേക്ക് എത്തിയിരുന്നതായി വ്യാഴാഴ്‌ച അഭിഭാഷകരോടും മാധ്യമപ്രവർത്തകരോടും സംസാരിക്കവെ ഖാൻ പറഞ്ഞിരുന്നു.
എന്നാല്‍, ആദ്യം ബാക്കിയുള്ള രാഷ്‌ട്രീയ തടവുകാരെ വിട്ടയക്കണമെന്നാണ് ഖാന്‍ മറുപടി നല്‍കിയത്. താൻ ജയിലിൽ കിടക്കും, പക്ഷേ ഒരു കരാറും അംഗീകരിക്കില്ല. താൻ വീട്ടുതടങ്കലിലേക്കോ ഖൈബർ പഖ്‌തൂൺഖ്വയിലെ ജയിലിലേക്കോ പോകില്ലെന്നും ഖാൻ പറഞ്ഞു.
സംഭാഷണം ഇമ്രാന്‍ ഖാന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ചെയ്‌തത്. എന്നാൽ ഖാന് ആരാണ് ഡീല്‍ വാഗ്ദാനം ചെയ്‌തതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, കോടതിയിൽ ഹാജരായ ഖാനും ഭാര്യ ബുഷ്‌റ ബീബിനുമെതിരെ ഫയൽ ചെയ്‌ത തോഷഖാന 2.0 കേസിന്‍റെ വാദം പ്രത്യേക ജഡ്‌ജി ഷാരൂഖ് ഖാൻ അർജുമന്ദ് കേട്ടു. കേസ് ജനുവരി 2 ലേക്ക് മാറ്റി. അഴിമതി ആരോപണ കേസില്‍ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഇമ്രാന്‍ ഖാന്‍ ജയിലിൽ കഴിയുകയാണ്.
Also Read:വൈദ്യുതി ഉത്പാദനം; രാജ്യത്തെ ഏറ്റവും വലിയ ആണവ നിലയം നിർമിക്കാന്‍ പാകിസ്ഥാൻ