പ്യോങ്യാങ് (ഉത്തര കൊറിയ) : ഉത്തര കൊറിയ സംശയാസ്‌പദമായ ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് തിങ്കളാഴ്‌ച (18-03-2024) അറിയിച്ചു (North Korea Launched Suspected Ballistic Missile, Says Japan). തിങ്കളാഴ്‌ച കിഴക്കൻ കടലിലേക്ക് ഉത്തരകൊറിയ അജ്ഞാത ബാലിസ്‌റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഉത്തര കൊറിയ ഒരു ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിച്ചതായി സംശയിക്കുന്നുവെന്നും, കൂടുതൽ അപ്‌ഡേറ്റുകൾ പിന്തുടരേണ്ടതുണ്ട് എന്നും ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫിസ് ഔദ്യോഗിക സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്‌റ്റാഫ് മിസൈൽ കണ്ടെത്തിയതായി പറഞ്ഞു, എന്നാൽ കൂടുതൽ വിശദാംശങ്ങൾ പങ്കിട്ടില്ലെന്നും എക്‌സിൽ പ്രസ്‌താവിച്ചു.
ജനുവരി 14ന് ശേഷം ഈ വർഷം രണ്ടാം തവണയാണ് പ്യോങ്‌യാങ്ങില്‍ നിന്ന് മിസൈൽ വിക്ഷേപണം നടത്തുന്നത് എന്നാണ് സംശയിക്കുന്നത്. ദക്ഷിണ കൊറിയയും യുഎസും വാർഷിക ഫ്രീഡം ഷീൽഡ് അഭ്യാസം വ്യാഴാഴ്‌ച അവസാനിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തര കൊറിയ മിസൈൽ വിക്ഷേപിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഉത്തര കൊറിയയുടെ ആണവ, മിസൈൽ ഭീഷണികൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കാൻ ഇരുരാജ്യങ്ങളും 11 ദിവസത്തെ സൈനിക അഭ്യാസത്തിലാണ് പങ്കെടുത്തത്.
ഫെബ്രുവരി 2 ന്, ഉത്തര കൊറിയ പടിഞ്ഞാറൻ തീരത്ത് നിന്ന് നിരവധി ക്രൂസ് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഈ വർഷത്തെ നാലാമത്തെ ക്രൂയിസ് മിസൈൽ വിക്ഷേപണവും നടത്തിയെന്ന് ദക്ഷിണ കൊറിയൻ സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.