കേരളം

kerala

ETV Bharat / international

ഇറാനില്‍ ഒന്‍പത് പാകിസ്ഥാനികളെ അക്രമി വെടിവച്ച് കൊന്നു ; അപലപിച്ച് ഇരു രാജ്യങ്ങളും

ഇറാനില്‍ തങ്ങളുടെ പൗരര്‍ കൊല്ലപ്പെടാനിടയായ സംഭവം ഭീകരാക്രമണമെന്ന് സംശയിച്ച് പാക് അധികൃതര്‍

9 Pakistanis killed in Iran  Shocking incident Pakistan  9പാകിസ്ഥാനികളെ വെടിവച്ച് കൊന്നു  ഇറാനിലെ മെഹര്‍ വാര്‍ത്താ ഏജന്‍സി
gunmen kill nine pakistanis in south eastern iran report

By ETV Bharat Kerala Team

Published : Jan 28, 2024, 9:53 AM IST

ടെഹ്റാന്‍: ഇറാന്‍റെ ദക്ഷിണ പൂര്‍വ അതിര്‍ത്തിയില്‍ ഒന്‍പത് പാകിസ്ഥാനികളെ അജ്ഞാതന്‍ വെടിവച്ച് കൊന്നു. ടെഹ്റാനിലെ പാക് സ്ഥാനപതിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് (9 Pakistanis killed in Iran). സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പാക് സ്ഥാനപതി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്തു.

ഇറാന്‍ അധികൃതരുടെ പൂര്‍ണ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സിസ്‌താന്‍-ബലൂചിസ്ഥാന്‍ മേഖലയിലെ സറവാനില്‍ ആക്രമണമുണ്ടായതായി നേരത്തെ ഇറാനിലെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശികളാണ് സംഭവത്തില്‍ കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആയുധധാരികളായ മൂന്ന് പേര്‍ തങ്ങളുടെ താമസസ്ഥലത്ത് കടന്നുകയറി നിറയൊഴിക്കുകയായിരുന്നുവെന്ന് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞതായി പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ അലിറെസ മര്‍ഹമതി ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയോട് പറഞ്ഞു. ആക്രമണത്തിന് ശേഷം ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാനികളാണ് മരിച്ചതെന്ന് ബലൂച് മനുഷ്യാവകാശ സംഘടനയായ ഹാല്‍വാഷിന്‍റെ വെബ്സൈറ്റില്‍ പറയുന്നു. ഇവിടെയൊരു കാര്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുന്നവരാണ് മരിച്ചവര്‍. അവിടെത്തന്നെയാണ് ഇവര്‍ താമസവും. ഇതൊരു ഭീകരാക്രമണമാണെന്നാണ് പാകിസ്ഥാന്‍റെ വാദം. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ ടെഹ്റാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍ അധികൃതരുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും പാക് അധികൃതര്‍ അറിയിച്ചു (workshop labourers killed).

നടുക്കമുണ്ടാക്കിയ സംഭവമാണിതെന്നും തങ്ങളിതിനെ അപലപിക്കുന്നുവെന്നും പാക് വിദേശകാര്യമന്ത്രാലയ വക്താവ് മുംതാസ് സഹ്റബലോച് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നിലെ കുറ്റക്കാരെ എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവരണമെന്നും അവര്‍ ഇറാന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്‌ദുള്ളാഹിയാന്‍ തിങ്കളാഴ്‌ച പാകിസ്ഥാന്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ആക്രമണം. ഇറാനും പാകിസ്ഥാനും തമ്മിലുള്ള സഹോദര തുല്യമായ ബന്ധം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് നാസര്‍ കന്നാനി പറഞ്ഞു.

കഴിഞ്ഞയാഴ്‌ച നടന്ന മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും സ്ഥാനപതിമാരെ രണ്ടുരാജ്യങ്ങളും തിരികെ വിളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ടുപേരും തത്‌സ്ഥാനങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈലാക്രമണം നടത്തിയത് എന്നാണ് രണ്ട് രാജ്യങ്ങളുടെയും വിശദീകരണം.

Also Read: ആക്രമണത്തില്‍ ഇസ്രയേലിന് പാളി, കൊലപ്പെടുത്തിയത് 3 ഇസ്രയേലി ബന്ദികളെ; കൊല്ലപ്പെട്ടവരില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകനും

ABOUT THE AUTHOR

...view details