കാഠ്‌മണ്ഡു : മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിൽ നിന്നും 11 ഇന്ത്യക്കാരെ രക്ഷിച്ച് നേപ്പാൾ പൊലീസ്. മെക്‌സിക്കോ വഴി യുഎസ്എയിലേക്ക് എളുപ്പത്തില്‍ എത്തിക്കാമെന്ന് വ്യാജ വാഗ്‌ദാനം നല്‍കി പണം തട്ടിയ ശേഷം മനുഷ്യക്കടത്ത് സംഘം ഇവരെ ബന്ധികളാക്കിയിരിക്കുകയായിരുന്നു. 4.5 മില്യൺ രൂപയും, 3,000 ഡോളറുമാണ് സംഘം ബന്ദികളില്‍ നിന്നും തട്ടിയെടുത്തത്.
സംഭവത്തില്‍ മനുഷ്യക്കടത്ത് സംഘത്തിലെ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റിലായി. കാഠ്‌മണ്ഡു ജില്ല പൊലീസ് റേഞ്ച് സംഘത്തിന് ലഭിച്ച പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റാറ്റോപുളിലെ ധോബിഖോലയിലുള്ള ഒരു നേപ്പാളി പൗരൻ്റെ സ്വകാര്യ വസതിയിൽ നടത്തിയ റെയ്‌ഡിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിക്കൊണ്ടുപോകൽ, ബന്ദിയാക്കൽ, മനുഷ്യക്കടത്ത് എന്നീ വകുപ്പുകളില്‍ നേപ്പാൾ നിയമപ്രകാരം മനുഷ്യക്കടത്ത് സംഘത്തിനെതിരെ കേസെടുത്തു (Nepal Police Busts Trafficking Racket).