കാഠ്‌മണ്ഡു: നേപ്പാളിലെ മണ്ണിടിച്ചിലിൽ രണ്ട് പാസഞ്ചർ ബസുകൾ ഒലിച്ചുപോയതായി റിപ്പോർട്ട്. മദൻ-ആശ്രിത് ഹൈവേയിൽ ഇന്ന് (ജൂലൈ 12) പുലർച്ചെ 3:30 ഓടെയാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ 60ൽ അധികം പേരെ കാണാതയായതായാണ് വിവരം.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട് ബസുകളിലുമായി ഡ്രൈവർമാർ ഉൾപ്പെടെ 63 പേർ ഉണ്ടായിരുന്നതായി ചിത്വാൻ ചീഫ് ഡിസ്ട്രിക്റ്റ് ഓഫിസർ ഇന്ദ്രദേവ് യാദവ് പറഞ്ഞു. മണ്ണിടിച്ചിലിനെത്തുടർന്ന് ബസ് ത്രിശൂലി നദിയിലേക്ക് ഒഴുകിപ്പോയതായും കനത്ത മഴ തുടരുന്നതിനാൽ രക്ഷപ്രവർത്തനം തടസപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.
കാഠ്‌മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ ബസും കാഠ്‌മണ്ഡുവിൽ നിന്ന് റൗത്തഹട്ടിൻ്റെ ഗൗറിലേക്ക് പോവുകയായിരുന്ന ഗണപതി ഡീലക്‌സ് ബസുമാണ് അപകടത്തിൽപെട്ടത്. ഒരു ബസിൽ 24 പേരും മറ്റേ ബസിൽ 41 പേരും യാത്ര ചെയ്‌തിരുന്നതായാണ് പ്രാഥമിക വിലയിരുത്തൽ.