വിയന്ന (ഓസ്‌ട്രിയ):നൊബേല്‍ പുരസ്‌കാര ജേതാവ് ആൻ്റൺ സീലിംഗറുമായി കൂടിക്കാഴ്‌ച നടത്തിയതിന്‍റെ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാണ്ടം മെക്കാനിക്‌സ് രംഗത്തെ പണ്ഡിതനാണ് അദ്ദേഹം. ഇതിന് പുറമെ നാല് ഓസ്‌ട്രിയന്‍ ചരിത്രകാരന്‍മാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.
ഭാവിതലമുറയിലെ ഗവേഷകര്‍ക്കും നൂതന ആശയക്കാര്‍ക്കും വളരെ പ്രചോദനമായ പ്രവര്‍ത്തനങ്ങളാണ് ക്വാണ്ടം മെക്കാനിക്‌സ് രംഗത്ത് നൊബേല്‍ പുരസ്‌കാര ജേതാവായ ആന്‍റണ്‍ നടത്തിയിരിക്കുന്നതെന്ന് പിന്നീട് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ മോദി അഭിപ്രായപ്പെട്ടു. സാങ്കേതികതയെയും കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം കുറിപ്പില്‍ എടുത്തുപറഞ്ഞു. ഇന്ത്യയുടെ ദേശീയ ക്വാണ്ടം ദൗത്യത്തെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു.
ആന്‍റണ്‍ സീലിംഗറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്വാണ്ടം മെക്കാനിക്‌സ് രംഗത്ത് പുതുവഴികളാണ് വെട്ടിത്തുറന്നിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത് വരും തലമുറയിലെ ഗവേഷകര്‍ക്കും വലിയ വഴികാട്ടിയാകും. അറിവിനും പഠിക്കാനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ താത്‌പര്യം നമുക്ക് കാണാനാകും. ഇന്ത്യ എങ്ങനെയാണ് ഒരു സാങ്കേതിക അനുകൂല സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നും മോദി ആന്‍റണോട് വിശദീകരിച്ചു.
മോദിക്ക് ആന്‍റണ്‍ എഴുതിയ പുസ്‌തകം സമ്മാനിച്ചു. അദ്ദേഹത്തിന്‍റെ പുസ്‌തകം സമ്മാനമായി കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മോദി കുറിച്ചു. തുടര്‍ന്നാണ് അദ്ദേഹം ഓസ്ട്രിയയിലെ ചരിത്രകാരന്‍മാരുമായി കൂടിക്കാഴ്‌ച നടത്തിയത്.