കീവ്:കീവിലെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ സാധാരണയിലും കവിഞ്ഞ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. യുക്രൈനിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണമാണ് ഈ തിരക്കിന് കാരണം. അര്‍ബുദത്തോട് പടവെട്ടുന്ന നിരവധി കുഞ്ഞുങ്ങളെ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു.
നാല് മാസത്തിനിടെ റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്‌ച ഉണ്ടായത്. ഈ ആക്രമണത്തില്‍ കീവിലെ കുട്ടികളുടെ ആശുപത്രിയായ ഓഖ്‌മത്യാദിന് കനത്ത നാശമുണ്ടായി. ഇത് രോഗവുമായി മല്ലടിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വലിയ വിഷമ വൃത്തത്തിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളുടെ തുടര്‍ ചികിത്സയ്ക്ക് എവിടെ പോകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.
കഴിഞ്ഞ മാസമാണ് ഒക്‌സാന ഹലാക് തന്‍റെ രണ്ടു വയസുള്ള മകന്‍ ദിമിത്രിയോസിന് കടുത്ത അര്‍ബുദമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മകനെ യൂറോപ്പിലെ ഏറ്റവും മികച്ച ആശുപത്രിയായ ഓഖ് മത്യാദില്‍ ചികിത്സിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരമെമ്പാടും സൈറണുകള്‍ മുഴങ്ങുമ്പോള്‍ ഒക്‌സാനയും മകനും ആശുപത്രിക്കുള്ളിലായിരുന്നു. ആ സമയത്ത് കുട്ടിയുടെ ഞരമ്പ് വഴി മരുന്നുകള്‍ കയറിക്കൊണ്ടിരിക്കുകയുമായിരുന്നു. ഇവ ഇടയ്ക്ക് വച്ച് നിര്‍ത്താനും സാധ്യമല്ല. അത് കൊണ്ട് തന്നെ ഈ അമ്മയ്ക്കും മകനും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ സാധിക്കുമായിരുന്നില്ല.
ആദ്യ പൊട്ടിത്തെറിക്ക് ശേഷം നഴ്‌സിന്‍റെ സഹായത്തോടെ ഇവര്‍ ജനാലകളില്ലാത്ത മറ്റൊരു മുറിയിലേക്ക് മാറി. ഇത് കുറച്ച് കൂടി സുരക്ഷിതമായിരുന്നു. ഉടന്‍ തന്നെ അതിശക്തമായ ഒരു സ്‌ഫോടനമുണ്ടായതായി അനുഭവപ്പെട്ടുവെന്നും ഇവര്‍ പറയുന്നു. മുറിയാകെ കുലുങ്ങുന്നതായി തോന്നി. ലൈറ്റുകള്‍ മുഴുവന്‍ അണഞ്ഞു. എല്ലാം കഴിഞ്ഞെന്ന് തോന്നി. പിന്നീട് തങ്ങളെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. ഇവിടെ ദിമിത്രിയോ അടക്കം 31അര്‍ബുദ രോഗികളുണ്ട്. ഇവര്‍ കൂടിയെത്തിയതോടെ ഇവിടുത്തെ അര്‍ബുദ രോഗികളുടെ എണ്ണം ഇരട്ടിയായി. അത് കൊണ്ട് തന്നെ ഇവര്‍ക്ക് ഇനി പുതിയൊരു ആശുപത്രി കണ്ടുപിടിച്ചേ തീരൂ.
ദിമിത്രോയ്ക്കും മറ്റ് രോഗികള്‍ക്കും വിദേശത്തെ ആശുപത്രികള്‍ ചികിത്സ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഹലാക്ക് എന്ന രോഗി ജര്‍മ്മനിയില്‍ ചികിത്സയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ കിട്ടുന്ന സഹായം തങ്ങള്‍ക്ക് സ്വീകരിക്കാതിരിക്കാനാകില്ല. വിദേശത്തേക്ക് പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും അവര്‍ പറഞ്ഞു. നഗരത്തിലെ മറ്റ് കുട്ടികളുടെ ആശുപത്രിയിലും തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. ഓഖ്‌മത്യാദ് ആശുപത്രി അടച്ച് പൂട്ടിയതോടെയാണ് സാഹചര്യങ്ങള്‍ ഇത്രയും വഷളായത്. ആക്രമണ സമയത്ത് ഇവിടെ നൂറോളം പേര്‍ ചികിത്സയിലുണ്ടായിരുന്നു.
തകര്‍ന്ന ഓഖ്‌മത്യാദ് ആശുപത്രി രാജ്യത്തിന്‍റെ മുഴുവന്‍ വേദനയായി മാറിയിരിക്കുന്നുവെന്ന് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ജനറല്‍ ഒലെന യെഫിമെന്‍കോ പറയുന്നു. ഈ ആശുപത്രി കാരണമാണ് തങ്ങളുടെ കുഞ്ഞുങ്ങളുടെ അസുഖം തിരിച്ചറിയാനായതെന്ന് പല രക്ഷിതാക്കളും പറയുന്നു.
ആശുപത്രിയുടെ പുനര്‍നിര്‍മ്മാണത്തിനായി സാമൂഹ്യമാധ്യമങ്ങളില്‍ സഹായ അഭ്യര്‍ത്ഥനകള്‍ നിറയുകയാണ്. മൂന്ന് ദിവസം കൊണ്ട് ആശുപത്രിക്ക് വേണ്ടി 73 ലക്ഷം ഡോളര്‍ സമാഹരിച്ച് കഴിഞ്ഞു. ആശുപത്രിയുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ച് കഴിഞ്ഞു. ആശുപത്രി വീണ്ടും തുറന്ന് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വീണ്ടും ചികിത്സ നല്‍കണമെന്ന ചിന്തയിലാണ് ഇവിടെയുള്ള ഡോക്‌ടര്‍മാര്‍. എങ്കിലും ലഭ്യമായ വിഭവങ്ങള്‍ കൊണ്ട് ഇതിന് മാസങ്ങള്‍ വേണ്ടി വരും.
പതിനൊന്നുകാരനായ തന്‍റെ മകനെ കീവില്‍ തന്നെ ചികിത്സിപ്പിക്കാനാണ് യുലിയ വാസിലെങ്കോ എന്ന അമ്മയുടെ തീരുമാനം. ഇത്തരത്തില്‍ തീരുമാനമെടുത്ത മറ്റ് ചില രക്ഷിതാക്കളുമുണ്ട്. മള്‍ട്ടിപ്പില്‍ സ്‌പൈനല്‍ കോര്‍ഡ് ട്യൂമറുള്ള യുലിയയുടെ മകന്‍ ഡെനീസിന് കീമോ തെറാപ്പി തുടങ്ങാനിരുന്ന ദിവസമാണ് ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തോടെ അവന്‍റെ ചികിത്സ അനന്തമായി നീളുകയാണ്. ഡെനീസ് എന്ന ഈ കുട്ടിക്ക് മറ്റ് ചില പരിശോധനകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ആക്രമണം ഡെനീസിനെ ഏറെ ഭയചകിതനാക്കിയെന്നും അവന്‍റെ അമ്മ പറയുന്നു. ആക്രമണ സമയത്ത് മകനെ വീല്‍ ചെയറിലിരുത്തി ആശുപത്രിക്ക് പുറത്ത് കറങ്ങുകയായിരുന്നു അവര്‍. കഴിഞ്ഞ ദിവസങ്ങളൊന്നും മറക്കാനാകില്ല. സമ്മര്‍ദ്ദത്തില്‍ നിന്ന് പതുക്കെ പുറത്ത് കടക്കുന്നേയുള്ളൂ. മറ്റെവിടെയെങ്കിലും ഇനി ചികിത്സിക്കാന്‍ പോയാല്‍ പരിശോധനകളടക്കം ആദ്യം മുതല്‍ വീണ്ടും ചെയ്യേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതിന് മൂന്നാല് മാസം വേണ്ടി വരും. അത്രയും സമയം തങ്ങള്‍ക്ക് മുന്നിലുണ്ടോയെന്ന് അറിയില്ലെന്നും അവര്‍ വേദനയോടെ പറഞ്ഞ് നിര്‍ത്തുന്നു.
Also Read:റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക്