ടെല്‍അവീവ്: വെടിനിർത്തൽ പ്രഖ്യാപനം നടപ്പാക്കാനിരിക്കെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങള്‍ അന്തിമഘട്ടത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന്‍റെ പുതിയ ആക്രമണങ്ങള്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്‍റെ അവസാന മണിക്കൂറുകളില്‍ തങ്ങളുടെ കരുത്ത് വെളിവാക്കാന്‍ ഇരുഭാഗത്ത് നിന്നും കടുത്ത ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അതിനിടെ ഹമാസ് അവസാന നിമിഷം ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങളിൽ നിന്ന് പിന്തിരിയും വരെ തന്‍റെ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഹമാസ് അവസാന നിമിഷം വീണ്ടും ചില വിട്ടുവീഴ്‌ചകള്‍ക്ക് വേണ്ടി കടുംപിടുത്തം പിടിക്കുന്നുവെന്നും ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരണം ഇസ്രയേലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇന്ന് ഇസ്രയേല്‍ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ഉച്ച വരെ വിവിധ ആശുപത്രികളിലെത്തിച്ചത് 48 മൃതദേഹങ്ങളാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. മരിച്ചതില്‍ പകുതിയും സ്‌ത്രീകളും കുഞ്ഞുങ്ങളുമാണെന്ന് മന്ത്രാലയത്തിന്‍റെ രജിസ്ട്രേഷന്‍ വിഭാഗം തലവന്‍ സഹേര്‍ അല്‍ വഹേദി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.