2014 മാർച്ച് 8 നാണ് മലേഷ്യൻ എയർലൈൻസിന്‍റെ വിമാനം എംഎച്ച് 370 നിഗൂഢതയിലേക്ക് പറന്നകന്നത്. വിമാനം അപ്രത്യക്ഷമായിട്ട് 10 വർഷം പിന്നിട്ടെങ്കിലും വ്യോമയാന ചരിത്രത്തിൽ ഇന്നോളമുമുള്ളതിൽ വച്ച് ഏറ്റവും അമ്പരപ്പിക്കുന്ന ദുരൂഹത ഇപ്പോഴും മറനീക്കാനായിട്ടില്ല (MH370-Disappearance).
ക്വാലാലംപൂരിൽ നിന്ന് ബീജിങ്ങിലേയ്ക്കുള്ള യാത്രയ്ക്കായി പറന്നുയർന്ന് 39 മിനിറ്റിനുള്ളിൽ എംഎച്ച് 370 ഫ്ലൈറ്റ് എയർ കൺട്രോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. വ്യോമയാന ചരിത്രത്തിൽ കറുത്ത അധ്യായമായി പരിണമിച്ച ഈ നിമിഷം ഇന്നും വല്ലാത്ത നിഗൂഢതയാണ്. തങ്ങൾക്ക് പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട ഏതാനും കുടുംബങ്ങൾക്ക് ഒരു പേടിസ്വപ്‌നം കൂടിയാണ് ആ നിമിഷം. ഫ്ലൈറ്റിൻ്റെ ദുരൂഹമായ തിരോധാനം ഇന്നും അനിശ്ചിതത്വത്തിൻ്റെ ശൂന്യത മാത്രമാണ് അവശേഷിപ്പിക്കുന്നത്.
2014 മാർച്ച് എട്ടിനും സാധാരണപോലെ തന്നെയാണ് ആ ബോയിംഗ് 777 വിമാനം കോലാലംപൂരിൽ നിന്ന് പറന്നുയർന്നത്. വിമാനവുമായി റേഡിയോ വഴിയുള്ള ആശയവിനിമയം "ഗുഡ് നൈറ്റ് മലേഷ്യൻ ത്രീ സെവൻ സീറോ" എന്ന വാചകത്തോടെ നിലച്ചു. വിമാനം വിയറ്റ്നാമീസ് വ്യോമാതിർത്തിയിലേക്ക് കടന്നപ്പോൾ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും അവയെല്ലാം വിഫലമായി. അതിനിടെ വിമാനത്തിൻ്റെ ട്രാൻസ്‌പോണ്ടർ പ്രക്ഷേപണം നിർത്തി. അതുകൂടിയായതോടെ വിമാനവും അതിലെ 239 മനുഷ്യ ജീവനുകളും നിഗൂഢതതയിലേക്ക് പറന്നകന്നു.
എംഎച്ച് 370 ന് എന്ത് സംഭവിച്ചു?
239 യാത്രക്കാരും ജോലിക്കാരുമുള്ള വിമാനം ക്വാലാലംപൂരിൽ നിന്ന് ബെയ്‌ജിങ്ങിലേക്ക് പറക്കുകയായിരുന്നു. ദക്ഷിണ ചൈന കടലിന് മുകളിലൂടെ പറന്നുതുടങ്ങി 60 മിനിറ്റിനുള്ളിൽ എയർ ട്രാഫിക് കൺട്രോളിന് വിമാനവുമായുള്ള ബന്ധം നഷ്‌ടമായി. അതേസമയത്ത് തന്നെ മലായ് പെനിൻസുല മുറിച്ചുകടക്കുകയായിരുന്നു ഒരു സൈനിക വിമാനത്തിന്‍റെ റഡാർ എംഎച്ച് 370 യെ ട്രാക്ക് ചെയ്‌തു.
വടക്ക് കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ആൻഡമാൻ കടലിന് മുകളിലാണ് എംഎച്ച് 370 യെ അവസാനമായി റഡാറിൽ കിട്ടിയത്. റഡാറിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകുന്നതിന് മുമ്പ് വിമാനം ആൻഡമാൻ കടലിലേക്ക് കുത്തനെ തിരിയുകയായിരുന്നു. അതേസമയം തന്നെ വിമാനം അതിന്‍റെ നിർദിഷ്‌ട പാതയിൽ നിന്ന് അമ്പരപ്പിക്കും വിധത്തിൽ വ്യതിചലിച്ചതായി സൈനിക റഡാറുകൾ രേഖപ്പെടുത്തി.
പിന്നീട്, വിമാനവും ബ്രിട്ടീഷ് കമ്പനിയായ ഇൻമാർസാറ്റ് ടെലികമ്മ്യൂണിക്കേഷന്‍റെ ഉപഗ്രഹവും തമ്മിലുള്ള ഓട്ടോമേറ്റഡ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സൂചിപ്പിക്കുന്നത് വിമാനം തെക്കുകിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഏഴാമത്തെ ആർക്കിൽ അപ്രത്യക്ഷമായതായാണ്.
ഈ സൂചനപ്രകാരം ദക്ഷിണ ചൈന കടലിലും ആൻഡമാൻ കടലിലുമാണ് വ്യോമമാർഗം പ്രാഥമിക തെരച്ചിൽ നടത്തിയത്. എന്നാൽ ഇന്നേവരെ വിമാനത്തിൻ്റെ ഗതി മാറുന്നതിനും അപ്രത്യക്ഷമാകുന്നതിനും കാരണമെന്തായിരുന്നെന്ന് വെളിവായിട്ടില്ല. ഹൈജാക്കിങ് മുതൽ ഗുരുതരമായ മെക്കാനിക്കൽ തകരാർ വരെയുള്ള നിരവധി സിദ്ധാന്തങ്ങൾ ഇതേപ്പറ്റി പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ഇവയൊന്നും തന്നെ അത്ര വിശ്വാസയോഗ്യമായി കണക്കാക്കപ്പെടുന്നില്ല.
കപ്പലിലുണ്ടായത് ആരൊക്കെ?
227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് എംഎച്ച് 370 വിമാനത്തിലുണ്ടായിരുന്നത്. ദീർഘകാലമായി കാത്തിരുന്ന അവധിക്കാലം ആഘോഷിക്കാൻ പോകുന്ന കുടുംബങ്ങൾ, വിദേശത്ത് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ എന്നിങ്ങനെ വിവിധങ്ങളായ പശ്ചാത്തലമുള്ളവരായിരുന്നു കാണാതായവർ. ഇവരിൽ അഞ്ച് കൊച്ചുകുട്ടികളും ഉൾപ്പെടുന്നു.
കപ്പലിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും ചൈനക്കാരായിരുന്നു. എന്നാൽ അമേരിക്ക, ഇന്തോനേഷ്യ, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. യൂറോപ്പിൽ പുതിയ ജീവിതം തുടങ്ങാൻ കള്ള പാസ്‌പോർട്ടുമായി കയറിയ രണ്ട് ഇറാനിയൻ യുവാക്കൾ, നടൻ ജെറ്റ് ലിയുടെ ഒരു സ്‌റ്റണ്ട് ഡബിൾ തുടങ്ങിയവർ യാത്രക്കാരിൽ ഉൾപ്പെടുന്നു.