ന്യൂഡല്‍ഹി: സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം. രാജ്യത്ത് സൈന്യവും വിമത ഗ്രൂപ്പുകളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ യുദ്ധസാഹചര്യം നിലനില്‍ക്കെ, ഇന്ത്യൻ പൗരന്മാര്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ലഭിക്കുന്ന വിമാനങ്ങളിൽ എത്രയും വേഗം രാജ്യത്ത് നിന്ന് പോകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതർ സിറിയയിൽ കൂടുതൽ മുന്നേറ്റം നടത്തുന്നതിനാൽ, അറബ് റിപ്പബ്ലിക്കിലെ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പതിനായിരക്കണക്കിന് ആളുകൾ സിറിയയിലെ ഹോംസ് എന്ന നഗരത്തില്‍ നിന്നും പലായനം ചെയ്യുന്നുണ്ട്. ഇതിനുപിന്നാലെയാണ് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. "സിറിയയുടെ വടക്ക് ഭാഗത്ത് അടുത്തിടെയുണ്ടായ പോരാട്ടം വർധിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു. വിവിധ യുഎൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഓളം ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ട്," എന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. +963 993385973 എന്ന വാട്‌സ്‌ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലോ ബന്ധപ്പെടാൻ സാധിക്കും. തങ്ങളുടെ ദൗത്യം പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തലാണെന്നും, ഇതിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണവിരുദ്ധ വിമതർ തലസ്ഥാനമായ ഡമാസ്‌കസിലേക്ക് മുന്നേറുകയാണ്. വ്യാഴാഴ്‌ച വടക്ക് ഹമാ നഗരം പിടിച്ചെടുത്ത ശേഷം, വിമതർ പ്രധാന ക്രോസ്റോഡ് നഗരമായ ഹോംസിനെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഹോംസ് പിടിച്ചെടുക്കുകയാണെങ്കില്‍ പ്രസിഡന്‍റ് ബാഷർ അൽ അസദിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ രണ്ടായി വിഭജിക്കും. ഇതോടെ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്.
2011 ൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്താൻ അസദ് ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഒരു ദശാബ്ദത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിൽ 300,000-ത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ദക്ഷിണ കൊറിയയിലെ സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിക്കുകയാണ്. ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഈ നീക്കം ഉടൻ തന്നെ രാജ്യത്തെ പാർലമെന്‍റ് തടഞ്ഞുവെന്നും രൺധീർ കൂട്ടിച്ചേര്‍ത്തു.
Read Also:സിറിയ്ക്ക് മേല്‍ ആക്രമണം അഴിച്ച് വിട്ട് ഇസ്രയേല്‍; നടപടി ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ