മാലെ:നിർണായകമായ മാലിദ്വീപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, പ്രസിഡൻ്റ് മുഹമ്മദ് മുയിസു തന്നെ മുന്നില്‍ നില്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട്. 59 സീറ്റുകൾ നേടി മുയിസുവിന്‍റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടി വൻ വിജയത്തിലേക്ക് കുതിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
20-ാമത് പീപ്പിൾസ് മജ്‌ലിസിനായുള്ള വോട്ടെടുപ്പ് ഇന്ന് (21-04-2024) രാവിലെ 8:00 മുതൽ വൈകുന്നേരം 5:30 വരെയാണ് നടന്നത്. 5 മണി വരെ 207,693 പേർ വോട്ട് രേഖപ്പെടുത്തിയതാണ് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തത്. 72.96 ശതമാനമാണ് മാലിദ്വീപിലെ പോളിങ്. 104,826 പുരുഷന്മാരും 102,867 സ്ത്രീകളുമാണ് വോട്ട് ചെയ്‌തത്.
ആകെ 284,663 വോട്ടര്‍മാരാണ് മാലിദ്വീപിലുള്ളത്. മാലദ്വീപിലും മറ്റ് മൂന്ന് രാജ്യങ്ങളിലും പാർലമെൻ്റ് തെരഞ്ഞെടുപ്പിനായി 602 ബാലറ്റ് പെട്ടികളാണ് സ്ഥാപിച്ചത്. ഇന്ത്യയില്‍ തിരുവനന്തപുരത്തും ശ്രീലങ്കയില്‍ കൊളംബോയിലും മലേഷ്യയില്‍ ക്വാലാലംപൂരിലുമാണ് ബാലറ്റ് പെട്ടികൾ സ്ഥാപിച്ചത്.
മാലിദ്വീപിലെ 93 മണ്ഡലങ്ങളിലേക്ക് മുയിസുവിൻ്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) പ്രധാന പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി), 130 സ്വതന്ത്രർ എന്നിവരുൾപ്പെടെ ആറ് പാർട്ടികളിൽ നിന്നായി 368 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്.
മുയിസിയുടെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) 59 സീറ്റുകളാണ് ഇത് വരെ നേടിയത്. മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) 10 സീറ്റുകളിലും സ്വതന്ത്രർ 9 സീറ്റുകളിലും വിജയിച്ചു. മാലിദ്വീപ് ഡെവലപ്‌മെൻ്റ് അലയൻസ് (എംഡിഎ) രണ്ട് സീറ്റും ജുംഹൂറി പാർട്ടി (ജെപി) ഒരു സീറ്റും നേടി. ഡെമോക്രാറ്റുകൾ, മാലിദ്വീപ് നാഷണൽ പാർട്ടി (എംഎൻപി), അധാലത്ത് പാർട്ടി (എപി) എന്നിവർ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.
ചൈന അനുകൂല നിലപാടുള്ള മുയിസുവിന് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 2018 മുതൽ അദ്ദേഹം നടത്തിയ അഴിമതിയുടെ റിപ്പോർട്ട് ചോരുകയും, തുടർന്ന് പ്രതിപക്ഷ പാർട്ടികൾ അന്വേഷണവും ഇംപീച്ച്‌മെൻ്റ് നടപടികള്‍ ആവശ്യപ്പെടുകയും ചെയ്‌തത്.
താജുദ്ദീൻ സ്‌കൂളിലെ പോളിങ് സ്‌റ്റേഷനിൽ രാവിലെ 8.40-നാണ് മുയിസു വോട്ട് രേഖപ്പെടുത്തിയത്. മുഖ്യ പ്രതിപക്ഷമായ എംഡിപിയുടെ ഉന്നത ഉപദേഷ്‌ടാവായ മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് മാലെയിലെ ഒരു പോളിങ് സ്‌റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോടും മുയിസു സംസാരിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ എംഡിപി വ്യക്തമായ ഭൂരിപക്ഷം നേടുന്നതായാണ് കാണുന്നതെന്ന് സോലിഹും പ്രതികരിച്ചു. വോട്ടെടുപ്പിൽ കാര്യമായ പ്രശ്‌നങ്ങളോ പരാതികളോ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിവരം.
Also Read :'മാലി ഇപ്പോഴും ഇന്ത്യയെ സുഹൃത്തായി പരിഗണിക്കുന്നു': മാലിദ്വീപ് മന്ത്രി മുഹമ്മദ് സയീദ് - Mohamed Saeed About India