ലോകത്ത് പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ അർബുദ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പുതിയ പഠനം. ഇക്കാലത്ത് വായു മലിനീകരണം ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നതെന്നും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ലോക കാൻസർ ദിനമായ ചൊവ്വാഴ്‌ച (ഫെബ്രുവരി 4) ദി ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിൻ ജേണലില്‍ പഠനത്തെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ഇന്‍റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിലെ (IARC) ഗവേഷകർ, ഗ്ലോബൽ കാൻസർ ഒബ്‌സർവേറ്ററി 2022 ഡാറ്റ, എന്നിവയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്വാസകോശ കാൻസറിനെ കുറിച്ചുള്ള പഠനം നടത്തിയത്. അഡിനോകാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, ചെറുകിട, വൻകിട സെൽ കാർസിനോമ എന്നീ നാല് ശ്വാസകോശ അർബുദ കേസുകളെ പഠനത്തില്‍ തരംതിരിച്ചിട്ടുണ്ട്.
എന്താണ് അഡിനോകാർസിനോമ?
അഡിനോകാർസിനോമ എന്ന വിഭാഗത്തിലാണ് പുകവലിക്കാത്തവരിലും ശ്വാസകോശ കാൻസറിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നത്. 2022ലെ കണക്കുപ്രകാരം ലോകത്ത് ഇതുവരെ പുകവലിക്കാത്തവരില്‍ 53-70 ശതമാനം ശ്വാസകോശ അർബുദം ഉണ്ടായതായി കണ്ടെത്തി. ലോകമെമ്പാടുമുള്ള കാൻസറുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പ്രധാന കാരണം ശ്വാസകോശ അർബുദമാണ്, 2022 ൽ ഏകദേശം 2.5 ദശലക്ഷം ആളുകൾക്ക് ഇത് കണ്ടെത്തി.
പുരുഷന്മാരിൽ ഏകദേശം 1.5 ലക്ഷം പുതിയ കേസുകളിൽ 717,211 എണ്ണം (പുരുഷ ശ്വാസകോശ അർബുദം 45.6%) അഡിനോകാർസിനോമയാണ്. ലോകമെമ്പാടും സ്‌ത്രീകളിൽ 908,630 പുതിയ ശ്വാസകോശ അർബുദ കേസുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, അതിൽ 541,971 എണ്ണം (സ്‌ത്രീ ശ്വാസകോശ അർബുദം 59.7%) അഡിനോകാർസിനോമയാണ് (പുകവലിക്കാത്തവര്‍).
പുകവലിക്കാത്ത സ്‌ത്രീകളില്‍ ശ്വാസകോശ അര്‍ബുദം കുത്തനെ വര്‍ധിച്ചു
ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പുകവലിക്കാത്ത സ്‌ത്രീകളിൽ ശ്വാസകോശ അർബുദം വർധിക്കുന്നതായി കണ്ടെത്തി. പ്രത്യേകിച്ച് ഏഷ്യയിലെ സ്‌ത്രീകളിലാണ് കൂടുതലും ശ്വാസകോശ അര്‍ബുദം കണ്ടെത്തിയത്.
വായുമലിനീകരണമാണ് ഇതിന് കാരണമെന്നും പഠനത്തില്‍ പറയുന്നു. ആഗോളതലത്തിൽ പുരുഷന്മാരിൽ 111,486 അഡിനോകാർസിനോമ കേസുകളും സ്‌ത്രീകളിൽ 80,378 അഡിനോകാർസിനോമ കേസുകളും അന്തരീക്ഷ മലിനീകരണം മൂലമാണെന്ന് കണക്കാക്കപ്പെടുന്നു.
കിഴക്കൻ ഏഷ്യയിലും ചൈനയിലുമാണ് ശ്വാസകോശ അര്‍ബുദം വര്‍ധിക്കുന്നത്. "ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും പുകവലി വ്യാപനം കുറഞ്ഞുവരുമ്പോൾ, ഒരിക്കലും പുകവലിക്കാത്ത ആളുകളിൽ ശ്വാസകോശ അർബുദത്തിന്‍റെ അനുപാതം വർധിച്ചു," എന്ന് ഗവേഷകര്‍ കുറിച്ചു.
പുകവലിക്കാത്ത സ്‌ത്രീകളിൽ ശ്വാസകോശ അർബുദത്തിന് കാരണമാകുന്നത് എന്താണ്?
- പ്രത്യേക ജീൻ വ്യതിയാനങ്ങൾ പുകവലിക്കാതെ പോലും ശ്വാസകോശ അർബുദത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്
- ആർത്തവവിരാമ സമയത്ത് സ്‌ത്രീ ഹോർമോണുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ അപകടസാധ്യത വർധിപ്പിക്കും.
- പരിസ്ഥിതി മലിനീകരണം, വീടുകളിൽ റാഡൺ വാതകത്തിന്റെ സമ്പർക്കമോ അല്ലെങ്കിൽ PM 2.5 കണികകളുമായി പുറത്തുവിടുന്ന സമ്പർക്കമോ അര്‍ബുദത്തിലേക്ക് നയിക്കാം
- കോശങ്ങളുടെ ഡിഎൻഎയിൽ മാറ്റം വരുകയും അവ വിഭജിക്കുന്ന രീതി മാറുകയും ചെയ്‌താല്‍ കാൻസറിന് സാധ്യതയുണ്ട്
- വിറക് കത്തുന്നതിൽ നിന്നോ ഭക്ഷണം പാകം ചെയ്യാൻ വറുക്കുന്നതിൽ നിന്നോ ഉള്ള പുകയുമായി ദീർഘകാലമായി സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ അർബുദത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read Also:എല്ലാ ജില്ലാ ആശുപത്രികളിലും ഇനി കാൻസര്‍ സെന്‍റര്‍; ആരോഗ്യ മേഖലയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു