വാഷിങ്ടണ്‍:അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ഒഹിയോ സെനറ്റർ ജെ.ഡി വാൻസിനെ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. വാന്‍സിന്‍റെ നിരവധി പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിലേറ്റവും ശ്രദ്ധേയമാണ് അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ ബന്ധമാണ്.
ജെഡി വാന്‍സിന്‍റെ ഭാര്യ ഉഷ ചിലുകുരി വാന്‍സ് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളാണ്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഇവര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ അമേരിക്കയിലേക്ക് കുടിയേറി. ഉഷ ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലാണ്. ഇവര്‍ അമേരിക്കയില്‍ നിന്ന് മികച്ച വിദ്യാഭ്യാസവും നേടി. യേല്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഉഷ കേംബ്രിഡ്‌ജ് സര്‍വകലാശാലയില്‍ നിന്ന് എംഫിലും കരസ്ഥമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമരംഗത്ത് ദീര്‍ഘകാലമായി ഇവര്‍ ജോലി ചെയ്യുകയാണ്. അഭിഭാഷകയായി പ്രാക്‌ടീസ് തുടങ്ങും മുമ്പ് സുപ്രീംകോടതി ജഡ്‌ജിമാരായ ജോണ്‍ റോബര്‍ട്ട്സിന്‍റെയും ബ്രെത് കവാനാഫിന്‍റെയും ഗുമസ്‌തയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയ്ക്ക് സമീപമായിരുന്നു ഇവരുടെ താമസം. അക്കാദമിക്, കരിയര്‍ രംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ് ഉഷ. യേല്‍ ജേര്‍ണല്‍ ഓഫ് ലോ ആന്‍ഡ് ടെക്‌നോളജിയുടെ മാനേജിങ് എഡിറ്റര്‍, യേല്‍ ലോ ജേര്‍ണലിന്‍റെ എക്‌സിക്യൂട്ടീവ് ഡെവലപ്പ്മെന്‍റ് എഡിറ്റര്‍ തുടങ്ങിയ മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
യേല്‍ സര്‍വകലാശാലയില്‍ നാല് വര്‍ഷത്തോളം പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇവര്‍ പിന്നീട് കേംബ്രിഡ്‌ജില്‍ ഗേറ്റ്സ് ഫെലോ ആയി പഠനം പുനരാരംഭിച്ചു. ഇവിടെ അവര്‍ ഇടത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 2014ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നു. യേല്‍ ലോ സ്‌കൂളില്‍ വച്ചാണ് ഉഷയും ജെഡി വനേസും പരിചയപ്പെട്ടത്. പിന്നീല്‍ 2014ല്‍ അവര്‍ വിവാഹിതരായി. ഹിന്ദു പുരോഹിതന്‍റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം.
ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. ഭര്‍ത്താവിന്‍റെ രാഷ്‌ട്രീയ വിജയങ്ങള്‍ക്ക് പിന്നില്‍ ഉഷയുടെ കയ്യൊപ്പുണ്ട്. ഗ്രാമീണ മേഖലയിലെ അമേരിക്കക്കാരുടെ സാമൂഹ്യ മൂല്യച്യുതി സംബന്ധിച്ച പഠനത്തിനും പിന്നീട് അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച ഓര്‍മ്മക്കുറിപ്പായ 'ഹില്‍ബില്ലി എലജി' എന്ന പുസ്‌തകത്തിനും പിന്നില്‍ ഉഷയുണ്ട്. ഈ പുസ്‌തകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് റോണ്‍ ഹൊവാര്‍ഡ് 2020ല്‍ ഒരു സിനിമയും എടുത്തു. ഓഹിയോ സീറ്റില്‍ നിന്ന് സെനറ്റിലെത്തിയ വാനസിനൊപ്പം പക്ഷേ പൊതുവേദികളില്‍ ഉഷയെ അധികം കണ്ടിട്ടില്ല.
ഉഷ ഏറെ വിജയിച്ച ഒരു അഭിഭാഷകയാണെന്ന് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ഉപദേശകനും വ്യവസായിയുമായ എഐ മാസണ്‍ പറയുന്നു. ഇന്ത്യന്‍ സംസ്‌കാരമടക്കം ഇന്ത്യയെ കുറിച്ച് അവര്‍ക്കെല്ലാം അറിയാം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അവരുടെ ഭര്‍ത്താവിനെ സഹായിക്കുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ അവര്‍ക്കാകുമെന്നും ട്രംപിന്‍റെ കുടുംബ സുഹൃത്ത് കൂടിയായ അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ഇരുവരും വ്യത്യസ്‌ത വിശ്വാസ പ്രമാണങ്ങള്‍ ഉള്ളവരാണെന്ന് നേരത്തെ വാന്‍സ് ഫോക്‌സ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ അദ്ദേഹത്തിന്‍റെ കഴിവുകളും സര്‍ഗാത്മകതയും കഠിനാദ്ധ്വാനവും സംബന്ധിച്ച് ഏറെയൊന്നും മനസിലാക്കിയിട്ടില്ലെന്ന് ഉഷ പറഞ്ഞു. വാന്‍സിനെ പിന്തുണയ്ക്കുന്നതിന് പല കാരണങ്ങളും തനിക്കുണ്ടെന്ന് ഉഷ പറയുന്നു.
താന്‍ വളരെ മതപരമായ ചട്ടക്കൂട്ടിലാണ് വളര്‍ന്നത്. തന്‍റെ മാതാപിതാക്കള്‍ ഹിന്ദുക്കളാണ്. അവര്‍ വളരെ നല്ല രക്ഷിതാക്കളുമാണ്. അവരാണ് തന്‍റെ ജീവിതത്തിന്‍റെ കരുത്ത്. എന്നാല്‍ വ്യത്യസ്‌തമായ ചിലതിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് തന്‍റെ ഭര്‍ത്താവ്. അദ്ദേഹത്തെ സംബന്ധിച്ച് അതാണ് ശരി.
ഒഹിയോയിലെ ജെയിംസ് ഡേവി ബോമാന്‍റെ മകനായാണ് അദ്ദേഹം ജനിച്ചത്. അമ്മ ലഹരിക്ക് അടിമയായിരുന്നു. അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്ത് തന്നെ പിതാവും ഉപേക്ഷിച്ചുപോയി. പിന്നീട് മുത്തശ്ശിയും മുത്തശനുമാണ് അദ്ദേഹത്തെ വളര്‍ത്തിയത്.
Also Read:ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം; റാലിയ്‌ക്കിടെ വെടിവയ്‌പ്പ്, അക്രമിയെ വധിച്ചതായി റിപ്പോര്‍ട്ട്