ടെൽ അവീവ്:പലസ്‌തീനികളെ സഹായിക്കുന്ന പ്രാഥമിക യുഎൻ സംഘടനയായ യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്നത് വിലക്കി ഇസ്രയേൽ. ഇസ്രയേൽ പാർലമെന്‍റായ നെസറ്റാണ് ഈ നിരോധന നിയമം പാസാക്കിയത്.
യുഎൻആർഡബ്ല്യുഎ ജീവനക്കാരെ ഇസ്രയേൽ വഴി കടത്തിവിടുന്നത് തടയുന്ന ബിൽ ഇന്നലെയാണ് (ഒക്‌ടോബർ 28) ഇസ്രയേൽ പാർലമെന്‍റായ നെസെറ്റിൽ വോട്ടിനിട്ടത്. 120 പാർലമെന്‍റ് അംഗങ്ങളിൽ 92 പേരുടെയും പിന്തുണ ലഭിച്ച പുതിയ നിയമം യുഎസിൻ്റെയും നിരവധി യൂറോപ്യൻ രാജ്യങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ് പാസാക്കിയതെന്ന് ഇസ്രായേൽ സർക്കാർ ഉടമസ്ഥതയിലുള്ള കാൻ ടിവി ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'യുഎൻആർഡബ്ല്യുഎയും അതിൻ്റെ ജീവനക്കാരും ഇസ്രയേലിനെതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അതിൽ പങ്കാളികളാണെന്നും തെളിയിക്കപ്പെട്ടതിനാൽ, ഇസ്രയേലിലെ യുഎൻആർഡബ്ല്യുഎ ഏജൻസിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്താൻ വേണ്ടുന്ന നടപടികൾ രാജ്യമെടുക്കുമെന്ന്' നിയമത്തിന്‍റെ വിശദീകരണ കുറിപ്പിൽ പറയുന്നു.
യുഎൻആർഡബ്ല്യുഎയ്‌ക്കെതിരെ ഇസ്രായേൽ പാർലമെൻ്റ് നടത്തിയ വോട്ടിങ് 'അപകടകരമായ ഒരു മാതൃകയാണ്' എന്ന് യുഎൻആർഡബ്ല്യുഎയുടെ കമ്മിഷണർ ജനറൽ ഫിലിപ്പ് ലസാരിനി എക്‌സിൽ കുറിച്ചു. 'ഇത് യുഎൻ ചാർട്ടറിനെ എതിർക്കുകയും അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ഇസ്രയേൽ ഭരണകൂടത്തിൻ്റെ ബാധ്യതകൾ ലംഘിക്കുകയും ചെയ്യുന്നു. ഈ ബില്ലുകൾ പലസ്‌തീനികളുടെ കഷ്‌ടപ്പാടുകൾ വർധിപ്പിക്കും, പ്രത്യേകിച്ച് ഒരു വർഷത്തിലേറെയായി ആളുകൾ നരകയാതന അനുഭവിക്കുന്ന ഗാസയിൽ,' എന്നും അദ്ദേഹം പോസ്‌റ്റിൽ പറഞ്ഞു.
Also Read:ഇറാന്‍ എങ്ങനെ തിരിച്ചടിക്കും; ഇസ്രയേല്‍ വെറുതെയിരിക്കുമോ? അറിയേണ്ട അഞ്ച് കാര്യങ്ങള്‍