വാഷിങ്‌ടൺ ഡിസി: ഹമാസ് തലവൻ യഹ്‌യ സിൻവാറിനെ ഇസ്രയേൽ പ്രതിരോധ സേന വധിച്ചതില്‍ പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. 'നീതി പുലര്‍ന്നു' എന്നാണ് കമല ഹാരിസ് പറഞ്ഞിരിക്കുന്നത്. തല്‍ഫലമായി ലോകം മെച്ചപ്പെടുമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുമെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇസ്രയേലിന് നേരെ ഹമാസ് ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കണമെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.'ഹമാസിന്‍റെ നേതാവ് യഹ്‌യ സിൻവാർ മരിച്ചുവെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. നീതി പുലര്‍ന്നിരിക്കുകയാണ്. ഇതിന്‍റെ ഫലമായി അമേരിക്കയും ഇസ്രയേലും ലോകം മുഴുവനും മെച്ചപ്പെട്ടിരിക്കുന്നു. അയാളുടെ കൈകളിൽ അമേരിക്കയുടെ രക്തമുണ്ട്. ഹമാസിന്‍റെ ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- കമല ഹാരിസ് പറഞ്ഞു.
ഹമാസ് നേതാക്കളെ കണ്ടെത്താൻ യുഎസും ഇസ്രയേലും നടത്തിയ സഹകരണത്തെ കമല ഹാരിസ് അഭിനന്ദിച്ചു. 'ഹോളോകോസ്റ്റിന് ശേഷം ജൂത ജനത കണ്ട ഏറ്റവും മാരക ആക്രമണമുണ്ടായ ഒക്‌ടോബർ 7-ന്‍റെ സൂത്രധാരനായിരുന്നു സിൻവാർ... കഴിഞ്ഞ വർഷം അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സിൻവാറിനെയും മറ്റ് ഹമാസ് നേതാക്കളെയും കണ്ടെത്താന്‍ ഇസ്രയേലുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനത്തെ ഞാൻ അഭിനന്ദിക്കുന്നു.'- കമല ഹാരിസ് പറഞ്ഞു.