വാഷിങ്ടൺ:പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്നും സ്ഥാനാർത്ഥി പിന്മാറുന്നത്. 81 കാരനായ ജോ ബൈഡൻ ആഴ്‌ചകൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് ഈ കടുത്ത തീരുമാനം എടുത്തത്. എന്നാൽ ഇദ്ദേഹത്തിൻ്റെ ഈ തീരുമാനം തൻ്റെ പ്രസിഡൻ്റ് പദവിയെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
തൻ്റെ പ്രസിഡൻ്റ് സ്ഥാനത്തിൻ്റെ കാലാവധി കഴിയാത്തതിനാൽ തന്നെ നിലവില്‍ അദ്ദേഹത്തിന് പ്രസിഡൻ്റ് പദവിയിലിരുന്നു കൊണ്ടുളള ചുമതലകൾ നിറവേറ്റാൻ സാധിക്കുമോ എന്ന ചോദ്യം അടക്കം ഉയരാൻ സാധ്യതയുണ്ട്. 1968 ൽ പ്രസിഡൻ്റ് ലിൻഡൻ ജോൺസണ് ശേഷം ഇതാദ്യമായാണ് മറ്റൊരു വ്യക്തി തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നത്. എന്നാൽ ജോൺസൻ്റെ പ്രഖ്യാപനത്തിനെ അപേക്ഷിച്ച് വളരെ നേരത്തെയാണ് ജോ ബൈഡൻ്റെ തീരുമാനം വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്‌ക്ക് ട്രംപിൻ്റെ വധശ്രമം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു.